Breaking News

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രിയിൽ അമ്മയും കുഞ്ഞും വാർഡ് ഒരുങ്ങി


രാജപുരം : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രിയിൽ അമ്മയും കുഞ്ഞും വാർഡ് ഒരുങ്ങി. ഇനി ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം. ഇതിന് ഇനിയെത്രനാൾ കാത്തിരിക്കണമെന്ന ചോദ്യമാണ് ഇപ്പോൾ മലയോരജനതയ്ക്കുള്ളത്.താലൂക്ക് ആസ്പത്രി കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ഓപ്പറേഷൻ തിയേറ്ററടക്കം ആധുനിക സൗകര്യങ്ങളോടെ അമ്മയും കുഞ്ഞും വാർഡ് ഒരുക്കിയിട്ടുളളത്. ദേശീയ ഹെൽത്ത് മിഷൻ പദ്ധതിയിൽപ്പെടുത്തി 1.60 കോടി രൂപ ചെലവിൽ വാർഡ് തയ്യാറാക്കാൻ 2019-ലാണ് അനുമതി ലഭിച്ചത്. അന്നത്തെ ആരോഗ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ചു. ആറുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുമെന്നാണ് അന്ന് മന്ത്രി അറിയിച്ചത്. എന്നാൽ വർഷം മൂന്നായിട്ടും നടപടി നീളുകയാണ്. കോവിഡ് കാലമായതിനാൽ നീണ്ടുപോയ നിർമാണമാണ് കഴിഞ്ഞദിവസം പൂർത്തിയായത്.


വാർഡിന്റെ പ്രവർത്തനം തുടങ്ങണമെങ്കിൽ മൂന്ന് പ്രസവരോഗ വിഭാഗം ഡോക്ടർമാർ, അനസ്തീഷ്യ വിദഗ്ധൻ, ഒരു കുട്ടികളുടെ ഡോക്ടർ, അനുബന്ധ ജീവനക്കാർ എന്നിവരെ നിയമിക്കേണ്ടതുണ്ട്. എന്നാൽ ഈ നിയമനങ്ങൾ എന്ന് നടക്കുമെന്നതിന് സർക്കാരിൽനിന്ന്‌ ഒരു സൂചനയും ലഭിച്ചിട്ടില്ല.നിലവിൽ മലയോര മേഖലയിൽനിന്നുള്ള ഗർഭിണികളും കുട്ടികളും ചികിത്സക്കായി ആശ്രയിക്കുന്നത് കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയെയോ സ്വകാര്യ ആസ്പത്രികളേയോ ആണ്. പുതുവർഷത്തിലെങ്കിലും താലൂക്ക് ആസ്പത്രിയിൽ സജ്ജീകരിച്ച വാർഡിന്റെ പ്രവർത്തനം തുടങ്ങാനായാൽ മലയോരജനതയ്ക്ക് ഏറെ ആശ്വാസമാകും.

No comments