Breaking News

പഠിക്കാന്‍ പറക്കാം വിദേശപഠനത്തിന് അവസരമൊരുക്കി പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഓരോ വിദ്യാര്‍ഥിക്കും പരമാവധി 25 ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും


പഠനത്തില്‍ മിടുക്കരായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനത്തിന് അവസരമൊരുക്കി പട്ടികജാതി/പട്ടികവര്‍ഗ വകുപ്പ്. പി.ജി കോഴ്സുകള്‍ക്കും ഗവേഷണ കോഴ്സുകള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഇന്ത്യയില്‍ ഇല്ലാത്ത കോഴ്സായിരിക്കണം പഠനത്തിനായി തിരഞ്ഞെടുക്കേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് 55 ശതമാനം മാര്‍ക്കും തിരഞ്ഞെടുത്ത സ്ഥാപനം സര്‍വകലാശാല റാങ്കിങ്ങില്‍ അഞ്ഞൂറിനകത്തുമായിരിക്കണം. ഓരോ വിദ്യാര്‍ഥിക്കും പരമാവധി 25 ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. പണത്തിന്റെ ദൗര്‍ലഭ്യം മൂലം വിദേശപഠനം എന്ന ആഗ്രഹം മുടങ്ങരുതെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി വിദ്യാഭ്യാസ ധനസഹായങ്ങള്‍ നല്‍കി വരുന്നത്.

ഇന്ത്യയില്‍ പ്രചാരത്തിലില്ലാത്തതും എന്നാല്‍ മികച്ച തൊഴിലവസരങ്ങള്‍ നല്‍കുന്ന വിഷയങ്ങള്‍ക്കാണ് പഠിക്കാന്‍ അവസരം നല്‍കുക. 2017 മുതല്‍ പദ്ധതി നടപ്പാക്കി വരുന്നുണ്ടെങ്കിലും മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയില്‍ അപേക്ഷകരുടെ എണ്ണം വളരെ കുറവാണ്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ കേരളത്തില്‍ താമസിക്കുന്ന 35 വയസ്സിന് താഴെ പ്രായമുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവരായിരിക്കണം. വിദ്യാര്‍ഥി പട്ടിക ജാതി വിഭാഗമാണെങ്കില്‍ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കും, പട്ടിക വര്‍ഗ വിഭാഗമാണെങ്കില്‍ 50 ശതമാനം മാര്‍ക്കും  നേടിയിരിക്കണം.

ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കോഴ്സിന് മാത്രമേ സ്‌കോളര്‍ഷിപ്പ് അനുവദിക്കൂകയുള്ളു. 12ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താമസവും ജീവിതച്ചെലവും വിമാന യാത്രാ ചെലവുകളും ഉള്‍പ്പെടെ ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ എല്ലാ ചെലവുകളും നിറവേറ്റുന്നതിന് പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 12ലക്ഷത്തിനും 20ലക്ഷത്തിനും ഇടയില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ യഥാര്‍ത്ഥ ട്യൂഷന്‍ ഫീസ്, വിസ ചാര്‍ജുകള്‍, അനുവദനീയമായ വിമാന നിരക്ക്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം, താമസം എന്നിവ ഉള്‍പ്പടെ 50 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 20ലക്ഷം രൂപയില്‍ കൂടുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ യഥാര്‍ത്ഥ ട്യൂഷന്‍ ഫീസിന് മാത്രമേ അര്‍ഹതയുണ്ടാവുകയുള്ളു.

പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല.

ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദത്തിന് തുല്യമായി കണക്കാക്കുന്ന ബിരുദാനന്തര ഡിപ്ലോമ, എം.ഫില്‍ കൂടാതെ തത്തുല്യമായവ, പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറല്‍ പ്രോഗ്രാമുകള്‍ എന്നിവ പദ്ധതിയുടെ കീഴില്‍ വരും. ഉദ്യോഗാര്‍ത്ഥി പ്രവേശന ഓഫര്‍ കത്തും വാര്‍ഷിക ട്യൂഷന്‍ ഫീസും ഭക്ഷണ-താമസ ചിലവുകളും സൂചിപ്പിക്കുന്ന ഔദ്യോഗിക രേഖയും ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്ന് വാങ്ങണം. ഇവ ലഭിച്ചതിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍, സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഡയറക്ടര്‍ പരിശോധിച്ച് പത്ത് ദിവസത്തിനുള്ളില്‍ സ്‌കോളര്‍ഷിപ്പിന്റെ താത്ക്കാലിക അനുമതിയെക്കുറിച്ച് വിദ്യാര്‍ത്ഥിക്ക് അറിയിപ്പ് നല്‍കും.

രണ്ടാം ഘട്ടത്തില്‍ സ്‌കോളര്‍ഷിപ്പിന്റെ ആദ്യ ഗഡു അനുവദിക്കും. വണ്‍ വേ ഇക്കോണമി ക്ലാസ് വിമാന നിരക്ക്, വിസ ചാര്‍ജ്, ആദ്യ വര്‍ഷത്തേക്കുള്ള ട്യൂഷന്‍ ഫീസ് എന്നിവ അതില്‍ ഉള്‍പ്പെടും. വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്ക റൂട്ട്സിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. വിദേശ പഠനത്തിനുള്ള സഹായത്തിനൊപ്പം വിദേശ തൊഴിലിനും വകുപ്പ് ധനസഹായം നല്‍കി വരുന്നു. വിദേശ പഠനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 04712737308 നമ്പറില്‍ ബന്ധപ്പെടണം.

No comments