തമിഴ്നാട്ടുകാരൻ മുരുഗൻ തിരികെ കാഞ്ഞങ്ങാട് എത്തി ; ഡ്രൈവറായ തന്റെ ജീവൻ രക്ഷിച്ച യുവാക്കളെ കണ്ടു നന്ദി പറയാൻ...
ആരെന്നറിയാത്ത ലോറി ഡ്രൈവർക്ക് പുതുജീവൻ നൽകി മാതൃകയായിരിക്കുകയാണ് കൂളിയങ്കാലിലെ നാഷനൽ യൂത് ലീഗ് പ്രവർത്തകർ. ഹൃദയ സ്തംഭനം അനുഭവിച്ച് വഴിയരികിൽ മരണത്തോട് മല്ലടിച്ച തമിഴ്നാട് സ്വദേശിയായ മുരുഗൻ എന്ന ഡ്രൈവർക്കാണ് യുവാക്കളുടെ സഹായഹസ്തം തുണയായത്. നാല് ദിവസം മുമ്പാണ് രാത്രി 12 മണിയോട് കൂടി ദേശീയ പാതയിലൂടെ ലോറിയുമായി പോവുന്നതിനിടെ മുരുഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് സഹായത്തിനായി അദ്ദേഹം വഴിയരികിൽ വണ്ടി നിർത്തി.
മുരുഗന്റെ അവസ്ഥ നേരിട്ട് കണ്ട നാഷണൽ യൂത് ലീഗ് പ്രവർത്തകരായ അൻസാർ, റിയാദ് എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്ന് മുരുകനെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലേക്ക് മാറ്റി. നാല് ദിവസത്തോളം മെഡികൽ കോളജിൽ കഴിഞ്ഞ മുരുഗൻ സുഖം പ്രാപിച്ച് കുടുംബത്തോടൊപ്പം ചേർന്നു. ജീവിതത്തിലേക്ക് കടന്നുവന്നതിന്റെ സന്തോഷവും കടപ്പാടും അറിയിക്കാൻ മുരുഗന്റെ കുടുംബാംഗമായ കാർത്തിക് കൂളിയങ്കാലിലെത്തി.
ഒരാഴ്ചയായി കൂളിയങ്കാലിൽ ലോറി കേടുപാടുകളൊന്നും കൂടാതെ സംരക്ഷിച്ചതിനും മുരുകന്റെ ജീവൻ രക്ഷപ്പെടുത്തിയതിനും യുവാക്കളെയും മറ്റും നേരിൽ കണ്ട് നിറകണ്ണുകളോടെ കാർത്തിക് നന്ദി രേഖപ്പെടുത്തി. എൻവൈഎൽ ജില്ലാ വൈസ് പ്രസിഡന്റ് ഇഎൽ നാസർ, കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ സുഹൈൽ കൂളിയങ്കാൽ എന്നിവർ കാർത്തികിന് എല്ലാവിധ സഹായവും നൽകി നാട്ടിലേക്ക് തിരികെ ലോറിയുമായി തിരികെ പോകുന്നതിന് വഴിയൊരുക്കി.
No comments