പരിമിതികളെ കഴിവിലൂടെ അതിജീവിച്ച് ഉണർവ്വ് -22. ഭിന്നശേഷി കലോത്സവത്തിന് പടന്നക്കാട് സമാപനം
നീലേശ്വരം: മൂന്ന് ദിവസം നീണ്ടു നിന്ന ഉണർവ്വ് 22 ഭിന്നശേഷി കലോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും നേതൃത്വത്തിലാണ് ഉണർച്ച് 2022 ലോക ഭിന്നശേഷി ദിനാചരണം നടത്തിയത്.
ശാരീരിക പരിമിതികള്‍ കഴിവുകൾക്ക് തടസമല്ലെന്ന് തെളിയിച്ച് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലോത്സവം വ്യത്യസ്തമായി. പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ മൂന്ന് ദിവസമായി നടക്കുന്ന കലോത്സവത്തിന് വൈകിട്ട് 6 മണിയോടെ തിരശീല വീണു.
28 സ്കൂളുകളിൽ നിന്നുമായി 17 ഇനങ്ങളിൽ 360 കുട്ടികൾ പങ്കെടുത്തു. ഭിന്നശേഷി അടിസ്ഥാനത്തിൽ നാല് വിഭാഗമായും പ്രായം അടിസ്ഥാനത്തിൽ 4 വിഭാഗങ്ങളിലുമായാണ് മത്സരങ്ങള്‍ നടത്തിയത്.
സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, ഗവൺമെന്റ് സ്പെഷ്യൽ ടീച്ചേഴ്സ് ട്രൈനിംഗ് സെന്റർ കോഴ്സ് കോർഡിനേറ്റർ പി.ജെ ബിൻസി, പരിവാർ സെക്രട്ടറി ബാലചന്ദ്രൻ, ഡി.എ.ഡബ്ല്യു.എഫ് പ്രസിഡന്റ് അബൂബക്കർകോയ, കെ.ഡി.എ.ഡി സെക്രട്ടറി ഷക്കീർ എന്നിവർ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ സി.കെ ഷീബ മുംതാസ് സ്വാഗതവും ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു നന്ദിയും പറഞ്ഞു. 115 പോയിന്റുമായി റോട്ടറി സ്പെഷൽ സ്കൂൾ കാഞ്ഞങ്ങാട് ഒന്നാം സ്ഥാനവും 76 മുളിയാർ അക്കര ഫൗണ്ടേൻ രണ്ടാം സ്ഥാനവും
49 പോയിന്റുമായി ചെർക്കള മാർത്തോമ ബധിര വിദ്യാലയം മൂന്നാം സ്ഥാനവും നേടി
വിളംബര ഘോഷയാത്രയിൽ കാഞ്ഞങ്ങാട് റോട്ടറി സ്പെഷ്യൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. കയ്യൂർ ചീമേനി സ്നേഹതീരം സെപ്ഷ്യൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.
ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനത്തിന് മേക്കപ്പ് ചെയ്തു നൽകി ട്രാൻ ജെൻഡേഴ്സ് ആർട്ടിസ്റ്റുകൾ
ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനത്തിന് മേക്കപ്പ് ചെയ്തു നൽകിയത് ട്രാൻ ജെൻഡേഴ്സ് ആർട്ടിസ്റ്റുകൾ. ഇഷ് കിഷോർ, അജിത്ത് നാരായണൻ, പൂർണ്ണിമ സുമേഷ്, ഷംസീന സമദ് എന്നിവരാണ് കലോത്സവത്തിനായി കുട്ടികളെ അണിയിച്ചൊരുക്കിയത്. മേക്കപ്പ് റൂമിൽ ചിലർ അനുസരണയോടെ ഇരുന്നപ്പോൾ മറ്റു ചിലർ അവരുടേതായ ലോകത്തായിരുന്നു. ചുണ്ടുകളിൽ ചായം പുരട്ടിയപ്പോൾ അവരുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. കണ്ണെഴുതിയപ്പോൾ കണ്ണുകൾ സന്തോഷത്താൽ വിടർന്നു. 70 കുട്ടികളെ ആണ് ഇവർ അണിയിച്ചൊരുക്കിയത്. ഭിന്നശേഷിക്കാരായ കുട്ടികൾ ആയതിനാൽ വ്യത്യസ്ത അനുഭവമായിരുന്നുവെന്ന് ഇവർ പറഞ്ഞു.
കലോത്സവത്തെ കളറാക്കികാസർകോട് ഗവ.സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ്ങ് സെന്ററിലെ അധ്യാപക വിദ്യാർഥികൾ
നിങ്ങളുടെ വൈകല്യം നിങ്ങളുടെ അവസരമാണെന്ന് ഓർമ്മിച്ച് കാസർകോട് ഗവ.സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ്ങ് സെന്ററിലെ അധ്യാപക വിദ്യാർഥികൾ
ഭിന്നശേഷി കലോത്സവത്തിനായി രാപകലില്ലാതെ ഓടി നടന്ന് കലോത്സവത്തെ കളറാക്കിയത് ഇവരാണ്. കുട്ടികളെ ആകർഷിക്കാൻ വിവിധ വർണങ്ങളിൽ അലങ്കാരങ്ങൾ ഒരുക്കി കലോത്സവ നഗരിയെ ഇവർ വർണാഭമാക്കി. വേദിയൊരുക്കുന്നതിലും അലങ്കരിക്കുന്നതിലും കഴിഞ്ഞ നാലുദിവസമായി ഇവർ ഏറെ കഷ്ടപ്പെട്ടു. 8 അംഗങ്ങളുള്ള വിവിധ കമ്മിറ്റികൾ ഇതിനായി രൂപീകരിച്ചു. 65 പേരാണ് കലോത്സവത്തിനാവശ്യമായ ഒരുക്കങ്ങൾ നടത്തിയത്. 6 സെൽഫി പോയിന്റുകൾ വിവിധ ഭാഗങ്ങളിലായി ഇവർ ഒരുക്കി.
ചുവടുകൾ പിഴയ്ക്കാതെ കൂടെ അധ്യാപകരും
അരങ്ങിൽ അടി പാടുമ്പോഴും ചുവടുകൾ തെറ്റാതിരിക്കാൻ അവർ അധ്യാപകരെ ശ്രദ്ധിച്ചു.
കുട്ടികൾ വേദിയിലും അധ്യാപകർ അവർക്ക് തൊട്ടു മുൻപിൽ കാണികൾക്കിടയിലും അവരോടപ്പം ചുവട് വെച്ചു. ഭിന്നശേഷി കുട്ടികൾ അയതിനാൽ തന്നെ പഠിച്ച ചുവടുകൾ തെറ്റാതിരിക്കാൻ കുട്ടികൾക്കൊപ്പം അവരുടെ അധ്യാപകരും ആടി പാടി.
സമ്മാനത്തിനപ്പുറം നമ്മൾ പറഞ്ഞ കൊടുത്തത് അവർ സ്റ്റേജിൽ കളിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. അധ്യാപകർ അവർക്ക് മുൻപിൽ നിന്നും അവരെ സപ്പോർട്ട് അവർക്ക് അത്മവിശ്വാസം കൂടുന്നുവെന്ന്
പ്രഗതി സ്പെഷ്യൽ സ്കൂളിലെ എം.ആർ സജീന ടീച്ചർ പറയുന്നു.
No comments