Breaking News

പണ്ട് പ്രണയിച്ചു ഒന്നായി 37 വർഷങ്ങൾക്ക് ശേഷം ആഗ്രഹിച്ചു ആചാരപ്രകാരം വിവാഹിതരായി കോളിച്ചാൽ മാട്ടക്കുന്നിലെ ചോമണ്ണൻ നായ്‌ക്കും ഓമനയും


രാജപുരം : വർഷങ്ങൾക്കുമുമ്പ് ജോലി സ്ഥലത്ത്‌ പ്രണയിച്ച്‌ ഒന്നായി; പക്ഷേ, വീട്ടുകാർ എതിർത്തതോടെ വിവാഹം പരസ്യമായി നടത്തിയില്ല. അന്നത്തെ ആഘോഷം 37 വർഷത്തിന്‌ ശേഷം വീണ്ടും നടത്തി അടിപൊളി ജീവിതം തുടരുകയാണ്‌ ചോമണ്ണൻ നായ്‌ക്കും ഭാര്യ ഓമനയും.
കോളിച്ചാൽ മാട്ടക്കുന്നിലെ പട്ടികവർഗ കോളനിയിലാണ്‌ അറുപത്തഞ്ചുകാരൻ ചോമണ്ണൻ നായ്‌ക്കും ഭാര്യ അമ്പത്തെട്ടുകാരി ഓമനയും. ഇവർക്ക് മൂന്നുമക്കളുണ്ട്‌. പണ്ട്‌ നടത്തേണ്ട ആചാരപ്രകാരമുള്ള വിവാഹം നടത്തണമെന്ന മോഹം ഇവരുടെ മനസിൽ ഇപ്പോഴുണ്ടായി. മക്കളും ബന്ധുക്കളും ഇവർക്കൊപ്പം ചേർന്നു. കല്യാണത്തിനുള്ള തീയതി കുറിച്ച്‌, ആചാരപ്രകാരം കല്യാണം നടന്നു. ചടങ്ങിൽ മക്കൾ പങ്കെടുക്കാൻ പാടില്ല എന്നതിനാൽ അവർ ഒഴിവായി. മറ്റു ബന്ധുക്കളുടെ സാന്നിധ്യത്തിൽ പനത്തടി പെരുതടി മഹാദേവ ക്ഷേത്രത്തിൽ കല്യാണം നടത്തി.
സഹോദരൻ അണ്ണയ്യ നായ്ക്കാണ് പിതാവിന്റെ സ്ഥാനത്തു നിന്നും ഓമനയെ വരനു കൈപിടിച്ച് ഏൽപ്പിച്ചത്. എത്തിയവർക്ക് ഗംഭീര സദ്യയും ഒരുക്കി. പിന്നീട് പഞ്ചായത്തിൽ എത്തി വിവാഹം രജിസ്റ്റർചെയ്തു.

No comments