Breaking News

"ഈസ്റ്റ് എളേരിയിലെ എല്ലാ വീട്ടിലും സൗജന്യ ജലവിതരണം നടത്തും, ലാൻഡ് ചലഞ്ച് പരിപാടി നാടിന്റെ മുഖഛായ മാറ്റും"; ഓൺലൈൻ വികസന ചർച്ചയിൽ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമ്മാക്കൽ


ചിറ്റാരിക്കാൽ : വോയ്സ് ഓഫ് ചിറ്റാരിക്കാൽ  വാട്ട്സപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റ് എളേരി ഗ്രമപഞ്ചായത്ത് ഹാളിൽ വെച്ച് ഓൺലൈൻ വികസന ചർച്ച "ചിറ്റാരിക്കാൽ ( ഈസ്റ്റ് എളേരി ) വികസന സ്വപ്നങ്ങൾ , വിഷൻ 2050" നടത്തപ്പെട്ടു. ഓൺലൈനായി നടത്തപ്പെട്ട ചർച്ചകളിൽ ആയിരത്തിലധികം ഈസ്റ്റ് എളേരി നിവാസികൾ ലോകത്തിന്റെ പല ഭാഗത്ത് ഇരുന്ന് ഇതിൽ പങ്കാളികളായി.


പുതുവർഷം പ്രമാണിച്ച് ജനുവരി ഒന്നിന് തന്നെ തുടക്കം കുറിച്ച ഈ ചർച്ചയിൽ മുപ്പതുകോടിയുടെ ജലജീവൻ പദ്ധതിയിലൂടെ എല്ലാ വീട്ടിലും സൗജന്യ ജലം എത്തിക്കുമെന്നും, ജലനിധിയിലൂടെ ഉണ്ടായ പോരായ്മകൾ പരിഹരിക്കുമെന്ന് , ജല ജീവൻ പദ്ധതിക്ക് കൃത്യമായ മേൽനോട്ടം വഹിക്കുമെന്നും ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമാക്കൽ പ്രഖ്യാപിച്ചു. ഒപ്പം ടൂറിസം സാധ്യതകൾ വളർത്താൻ ലാൻഡ് ചലഞ്ച് പരിപാടിയിലൂടെ സാധിക്കും. കായിക മേഖലയ്ക്കായി സിന്തറ്റിക്ക് ട്രാക്കുകൾ, ഉദ്യാനങ്ങൾ . ഒപ്പം അഞ്ചൂറ് പേർക്കെങ്കിലും തൊഴിൽ കൊടുക്കുന്ന രീതിയിൽ വ്യവസായ സംരംഭങ്ങൾ കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും അദേഹം അഭിപ്രായപ്പെട്ടു.


വ്യാപാര  വ്യവസായങ്ങൾ പ്രോൽസാഹിപിക്കാൻ പഞ്ചായത്ത് ഇളവുകൾ , പ്രഖ്യാപിക്കണമെന്നും ചിറ്റാരിക്കാലിലെ പാർക്കിംഗ് അപര്യാപ്തകൾ പരിഹരിക്കപ്പെട്ടാലെ വ്യാപാര സൗഹൃദ പട്ടണമായി ചിറ്റാരിക്കാൽ മാറുകയുള്ളൂ വെന്നും, കേരളത്തിലെ വികസന ങ്ങൾക്കൊപ്പം നമ്മുടെ നാട്ടിൽ അടിസ്ഥാന വികസനങ്ങൾ വിദ്യാഭ്യാസം, കായികം, ആരോഗ്യം തുടങ്ങിയ വികസനങ്ങൾക്ക് എല്ലാ പിന്തുണയുമുണ്ടാകുമെന്നും , കാർഷിക ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനായി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ സ്വന്തം നാട്ടിൽ ഉൽപാദിപിക്കപെടണമെന്നും, ഈസ്റ്റ് എളേരിയിൽ ഉന്നത വിദ്യാഭ്യാസത്തിനെ സൗകര്യങ്ങൾ ഒരുക്കണമെന്നും, യുവതലമുറയ്ക്ക് നാട്ടിൽ തന്നെ തൊഴിൽ നേടാൻ അവസരമുണ്ടാകണമെന്നും, ഗ്രാമീണ റോഡുകൾ വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തണമെന്നും, ക്ഷീരകർക്കായി സ്വന്തമായി ഒരു ഈസ്റ്റ് എളേരി ബ്രാൻഡ് വരണമെന്നും , ജനങ്ങളെ നാട്ടിലേക്ക് ആകർഷിക്കാൻ വിനോദ വിജ്ഞാന പ്രദർശനങ്ങൾ നടത്തണമെന്നും ചർച്ചയിൽ വിഷയങ്ങളായി ഉയർന്നു വന്നു. അതുപോലെ തന്നെ ചിറ്റാരിക്കാൽ കേന്ദ്രീകരിച്ചു ബീവറേജ്  ഔട്ട്ലെറ്റ്, മൾട്ടി പ്ലക്സ് തീയേറ്റർ അടക്കമുള്ള വിനോദ  ശാലകളും, കൂടുതൽ പെട്രോൾ പമ്പുകൾ സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.


വികസന ചർച്ചയിൽ അഡ്വ ജോസഫ് മുത്തോലിൽ, ടി എം ജോസ് തയ്യിൽ, പുഷ്പാകരൻ മാസ്റ്റർ, ചാക്കോ തെന്നിപ്ലാക്കൽ, എം കെ ഗോപാലകൃഷ്ണൻ , സെബാസ്റ്റ്യൻ പൂവ്വത്താനി, ജിതിൻ ജോർജ് , ജെയ്സൺ മുകളേൽ, റോഷൻ എഴുത്തുപുരക്കൽ,മാർട്ടിൻ കൊറ്റനാൽ, മോഡറേറ്ററായി ഷിജിത്ത് കുഴുവേലിൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.


നാടിന്റെ വികസനത്തിനായി ഏവരും ഐക്യകണ്ഠേന നിലകൊള്ളുമെന്ന തീരുമാനത്തോടെ ചർച്ച അവസാനിച്ചു.

No comments