കാസർകോട്ടെ നിക്ഷേപ തട്ടിപ്പ്: ജിബിജി നിധി ചിട്ടി തട്ടിപ്പും നടത്തിയെന്ന് പരാതി
കാസര്‍കോട്: കുണ്ടംകുഴിയില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ ജിബിജി നിധി ലിമിറ്റഡ് ചിട്ടി തട്ടിപ്പ് നടത്തിയതായും പരാതി. കാലാവധി പൂർത്തിയാകാതെ പെട്ടെന്ന് ചിട്ടി നിര്‍ത്തിയതായും കാശ് നൽകിയില്ലെന്നുമാണ് പരാതി. വ്യത്യസ്ത തുകകളുടെ ചിട്ടികളാണ് ജിബിജി നിധി ലിമിറ്റഡിന്‍റെ കീഴില്‍ നടത്തിയിരുന്നത്. രണ്ടായിരം മുതല്‍ 25,000 രൂപ വരെ മാസ അടവുകളുള്ള ചിട്ടികളായിരുന്നു ഇവ.
ചാലക്കുടിയിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് ചിട്ടി നടത്തുന്നതെന്ന് പറഞ്ഞാണ് കാശ് വാങ്ങിയിരുന്നത്. 2022 ഫെബ്രുവരിയില്‍ തുടങ്ങിയ ചിട്ടി എട്ട് മാസം മാത്രമാണ് നീണ്ടുനിന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ ചിട്ടിയിൽ ചേർന്നിട്ടുണ്ട്. സൂം മീറ്റിംഗ് മുഖേനയാണ് നറുക്ക് എടുത്തിരുന്നത്.
ജിബിജി നിധിയിൽ പണം നിക്ഷേപിച്ചവരെ മാത്രമാണ് ചിട്ടിയിൽ ചേർത്തത്. ചിട്ടി തുക മാസം തോറും ജിബിജി അക്കൗണ്ടിൽ നിന്ന് മാറ്റുന്ന തരത്തിലായിരുന്നു സംവിധാനം. അതുകൊണ്ട് തന്നെ ചിട്ടിക്കായി പ്രത്യേകം കാശ് അടച്ചതിന്റെ രേഖകൾ ആരുടേയും കൈയിൽ ഇല്ല. ഇത്തരത്തിൽ കാശ് പിരിച്ചത് തട്ടിപ്പ് മുന്നിൽ കണ്ടാണെന്ന് ഇപ്പോഴാണ് പലരും തിരിച്ചറിയുന്നത്.
No comments