മയക്കു മരുന്നിനെ അകറ്റിനിർത്താൻ മലയോരത്ത് ജാഗ്രതസമിതി പുങ്ങംചാലിൽ സർവ്വകക്ഷി യോഗം ചേർന്നു
പുങ്ങംചാൽ : എം. ഡി. എം. എ, കഞ്ചാവ് തുടങ്ങിയ മയക്കു മരുന്നുകൾ ഉപയോഗിച്ച് നാട്ടിൽ അനാവശ്യ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരെ അകറ്റി നിർത്തു വാനും ഇതിനെതിരെ ശക്തമായതരത്തിൽ പ്രതികരിക്കുവാനും പുങ്ങംചാലിൽ നടന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.
'മയക്കു മരുന്നിന് മലയോരത്ത് ഇടമില്ല' എന്നമുദ്രാവാക്യമുയർത്തിക്കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് ഡിവിഷൻ പരിധിയിൽ നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതിയായ മികവോടെ മലയോരം പദ്ധതിയുടെ ഭാഗമായിട്ടാണ് എല്ലാ രാഷ്ട്രീയ പാർട്ടിയിലുംപ്പെട്ട നേതാക്കളെയും പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് പുങ്ങംചാൽ പ്രദേശത്തു വർധിച്ചു വരുന്ന ലഹരിക്കും മയക്കു മരുന്നിനും എതിരായി സാംസകാരിക സായാഹ്‌നവും ബോധവത്കരണവും കലാപരിപാടികളും സംഘടിപ്പിക്കുവാൻ തീരുമാനിച്ചത്..
പോലീസ്, എക്സൈസ് വകുപ്പുകളുടേയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ആണ് മികവോടെ മലയോരം പദ്ധതിയുടെ ഭാഗമായി ലഹരി ബോധവത്ക്കരണം നടത്തുക. അടുത്ത കാലത്തായി മലയോര മേഖലയിൽ ഭീതികരമായ രീതിയിൽ മാരക മയക്കു മരുന്നുകളുടെ ഉപയോഗവും , അതുമൂലമുണ്ടകുന്ന സാമൂഹിക പ്രശ്‌നങ്ങളും കൂടി വരികയാണ്.
ഇത്തരം പ്രവർത്തികളിൽ നിന്നും പുതിയ തലമുറയെ പിന്തിരിപ്പിക്കുക എന്നതാണ് ബോധവൽക്കരണ ത്തിലൂടെ ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 7 നു വൈകുനന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുക. ഉന്നത പോലീസ് , എക്സിസ്സ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പ്രമുഖർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമാകും.
തുടർന്ന് ലഹരി വിരുദ്ധ സംസ്കാരിക , കലാ പരിപാടികളും നടക്കും. ഇതിനായി വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു. യോഗം ജില്ലാപഞ്ചായത്ത് അംഗം ജോമോൻ ജോസ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. കെ. തങ്കച്ചൻ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ടി. എ. ജെയിംസ്, ലില്ലികുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം. സി. രാധാകൃഷ്ണൻ, ടി.വി. തമ്പാൻ. ആന്റക്സ് ജോസഫ്, വെള്ളരിക്കുണ്ട് പ്രസ് ഫോറം പ്രസിഡന്റ് ഡാജി ഓടയ്‌ക്കൽ, സംഘമിത്ര പുരുഷസ്വയം സഹായസംഘം പ്രസിഡന്റ് എ. സി. വിനോദ് കുമാർ, പി. വേണു ഗോപാൽ ഭാസ്കരൻ കരുവങ്കയം, രാമചന്ദ്രൻ പാറ്റേൻ, തുടങ്ങിയവർ പ്രസംഗിച്ചു
സംഘാടകസമിതി ചെയർമാനായി ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസിനെയും ജനറൽ കൺവീനറായി സി. പി. എം. ലോക്കൽ സെക്രട്ടറി എം. സി. രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു.
മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ജനപ്രധിനിധികളെയും ഉൾപ്പെടുത്തിയാണ് സംഘാടക സമിതി രൂപീകരിച്ചത്.
No comments