Breaking News

'കട്ടപ്പുറത്തെ കേരള സർക്കാർ' ധവളപത്രം പുറത്തിറക്കി യുഡിഎഫ്; ഗുരുതര ആരോപണങ്ങൾ



തിരുവനന്തപുരം: 'കട്ടപ്പുറത്തെ കേരള സർക്കാർ' എന്ന് പേരിട്ടിരിക്കുന്ന ധവളപത്രം യുഡിഎഫ് പുറത്തുവിട്ടു. കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്ന് യുഡിഎഫ് ആരോപിക്കുന്ന ധവളപത്രത്തിൽ ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്നത് കേരളമാണെന്നാണ് ആരോപണം. സംസ്ഥാന സർക്കാരിന്റെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവും മൂലം കേരളം തകർന്നിരിക്കുകയാണെന്നും ഈ സ്ഥിതിയാണെങ്കിൽ കടം ഭാവിയിൽ നാല് ലക്ഷം കോടിയിൽ എത്തുമെന്നും വിമർശനമുണ്ട്. കേന്ദ്രസർക്കാരിൻറെ വികലമായ നയങ്ങളെയും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്.

ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിയുള്ള ധവളപത്രം പുറത്തിറക്കുന്നത്. 8000 കോടി രൂപ സാമൂഹ്യ സുരക്ഷ പദ്ധതികളിലായി സർക്കാർ നൽകാനുണ്ടെന്നും ധവളപത്രത്തിൽ പറയുന്നു. നികുതി പിരിവ് സംവിധാനം പുനഃസംഘടിപ്പിക്കുമെന്നത് സർക്കാരിന്റെ പ്രഖ്യാപനം മാത്രമാണെന്നും വിഷയത്തിൽ തികഞ്ഞ കെടുകാര്യസ്ഥതയാണ് വ്യക്തമാകുന്നതെന്നും യുഡിഎഫ് ആരോപിക്കുന്നു.

കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30 ശതമാനത്തിൽ തഴെയാകണം. 2027ൽ ഇത് 38.2 ശതമാനം ആകുമെന്നാണ് ആർബിഐ പ്രവചനമെന്നും പക്ഷെ ഇപ്പോൾ തന്നെ ഇത് 39.1 ശതമാനം ആയെന്നും ഇത് അപകടകരമാണെന്നും ധവളപത്രത്തിൽ പറയുന്നു. ഒന്നാം ധവളപത്രത്തിൽ 2019ൽ പ്രവചിച്ചത് പോലെ കിഫ്ബി ഇപ്പോൾ നിർജീവമായിക്കഴിഞ്ഞു എന്നാണ് യുഡിഎഫ് വാദം. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് കിഫ്ബിയുടെ പക്കൽ ഇപ്പോൾ 3419 കോടി രൂപ മാത്രമാണുള്ളത്. ഇതുകൊണ്ട് എങ്ങനെയാണ് 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുന്നതെന്നും യുഡിഎഫ് ചോദിക്കുന്നു.

സർക്കാരിന്റെ മുടങ്ങിയ പദ്ധതികളുടെ വിവരങ്ങളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്. കേന്ദ്രസർക്കാരിൻറെ വികലമായ നയങ്ങളെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സി പി ജോണിന്റെ നേതൃത്വത്തിൽ എൻ കെ പ്രേമചന്ദ്രൻ, എൻ ഷംസുദ്ദീൻ, മാത്യു കുഴൽനാടൻ, കെ എസ് ശബരീനാഥൻ, പി സി തോമസ്, ജി ദേവരാജൻ തുടങ്ങിയവർ ചേർന്നാണ് ധവളപത്രം തയ്യാറാക്കിയത്.

No comments