Breaking News

അമിതഭാരവുമായി പാഞ്ഞു; 
 വിജിലൻസ്‌ പൂട്ടിട്ടു മാവുങ്കാൽ, കാലിച്ചാനടുക്കം, അട്ടേങ്ങാനം, കള്ളാർ, മാലക്കല്ല്‌ പ്രദേശങ്ങളിൽ വിജിലൻസ് ഡിവൈഎസ്‌പി പരിശോധന നടത്തി


കാസർകോട്‌ : അമിതഭാരം കയറ്റിയും പാസില്ലാതെയും നിരത്തിലൂടെ പായുന്ന വാഹനങ്ങൾക്ക്‌ പൂട്ടിട്ട്‌ വിജിലൻസ്‌. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട്‌ ടോറസും രണ്ട്‌ ടിപ്പർ ലോറിയും പിടികൂടി. മാവുങ്കാൽ, കാലിച്ചാനടുക്കം, അട്ടേങ്ങാനം, കള്ളാർ, മാലക്കല്ല്‌ പ്രദേശങ്ങളിൽ ഡിവൈഎസ്‌പിയും പൊയിനാച്ചി, കൊളത്തൂർ, കുണ്ടംകുഴി റൂട്ടിൽ സിഐ സിബി തോമസും പരിശോധനക്ക്‌ നേതൃത്വം നൽകി.
ടോറസുകളിൽ അനുവദിച്ചതിലും കൂടുതലായി 15 മുതൽ 20 ടൺ വരെ ഭാരം കണ്ടെത്തി. ടിപ്പർ ലോറികൾ പാസില്ലാതെയും കൂടുതൽ ഭാരം കയറ്റിയതുമായിരുന്നു. വലിയ കരിങ്കല്ല്‌, ജില്ലി, എം സാൻഡ്‌ തുടങ്ങിയവയാണ്‌ വാഹനത്തിലുണ്ടായത്‌. പിടികൂടിയ വാഹനങ്ങൾ അമ്പലത്തറ, ബേഡകം, വിദ്യാനഗർ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി. നിയമം ലംഘിച്ച്‌ ഓടിയതിന്‌ മോട്ടോർ വാഹനവകുപ്പ്‌ ഈ വാഹനങ്ങൾക്ക്‌ 2.64 ലക്ഷം രൂപ പിഴ ചുമത്തി. ഇതിന്‌ പുറമെ ജിയോളജി, ജിഎസ്‌ടി വകുപ്പുകളുടെ പിഴ കൂടി അടക്കണം.
വിജിലൻസ്‌ പരിശോധനയ്‌ക്ക്‌ ഡിവൈഎസ്‌പിക്കും സിഐക്കുമൊപ്പം എഎസ്‌ഐമാരായ വി എം മധുസൂദനൻ, പി വി സതീശൻ, വി ടി സുഭാഷ്ചന്ദ്രൻ, സീനിയർ സിപിഒമാരായ പി കെ രഞ്ജിത്കുമാർ, കെ വി ജയൻ, പി വി സുധീഷ്, കെ പ്രമോദ്കുമാർ, ഹാർബർ എൻജിനിയറിങ്‌ വിഭാഗം അസി. എൻജിനിയർ വി രാജീവൻ, ഹൊസ്ദുർഗ് അഡീഷണൽ തഹസിൽദാർ വർഗീസ് മാത്യു എന്നിവരുമുണ്ടായി.
 



No comments