കൃഷിയിൽ സാങ്കേതിക അറിവ് നേടാൻ ബേഡഡുക്ക കൊളത്തൂരിലെ ശ്രീവിദ്യ ഇസ്രയേലിലേക്ക്
കൊളത്തൂർ: കൃഷിയിൽ സാങ്കേതിക അറിവ് നേടാൻ ബേഡഡുക്ക കൊളത്തൂർ ബറോട്ടി നിടുവോട്ടെ എം. ശ്രീവിദ്യ ശനിയാഴ്ച ഇസ്രയേലിലേക്ക് പോകും. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് സന്ദർശനം. ജില്ലയിൽനിന്നുള്ള ഏക കർഷക പ്രതിനിധിയാണ് ശ്രീവിദ്യ.
വിവിധ ജില്ലകളിൽനിന്നായി 27 കർഷകരാണ് സംഘത്തിലുള്ളത്. ഞായറാഴ്ച പുലർച്ചെ കൊച്ചിയിൽനിന്ന് വിമാനം കയറും. 20-ന് തിരിച്ചെത്തും. സംസ്ഥാനസർക്കാരിന്റെ 2020-ലെ മികച്ച യുവകർഷക പുരസ്കാര ജേതാവാണ് ശ്രീവിദ്യ. സമ്മിശ്രവും സംയോജിതവും ശാസ്ത്രീയവുമായി കൃഷി ചെയ്താണ് ശ്രീവിദ്യ വിജയം കൊയ്തെടുക്കുന്നത്. കുടുംബസ്വത്തായി ലഭിച്ച നാലേക്കർ തരിശുഭൂമിയിൽ പാറപ്രദേശത്തുൾപ്പെടെ മണ്ണിട്ട് വ്യത്യസ്ത വിളകൾ കൃഷിയിറക്കുന്നു. ചെങ്കല്ലും പാഴ്‌ച്ചെടികളും പാറയിടുക്കുകളുമായി കിടക്കുകയായിരുന്ന ഭൂമിയെ നാലുവർഷം മുൻപാണ് കൃഷിയോഗ്യമാക്കിയത്.
സ്ഥലം വൃത്തിയാക്കി, മണ്ണില്ലാത്തിടങ്ങളിൽ മണ്ണെത്തിച്ചു. തട്ടുകളായി തിരിച്ച് മണ്ണൊലിപ്പ് തടയുന്നതിനും മഴവെള്ളം മണ്ണിലിറങ്ങുന്നതിനും സൗകര്യമൊരുക്കി. വിവിധയിനം പച്ചക്കറികൃഷി സജീവം. തെങ്ങുകളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. പാഷൻഫ്രൂട്ടുമുണ്ട്.
No comments