Breaking News

മതസൗഹാർദ്ദത്തിന്റെ മണിമുഴക്കവുമായി മാലോം കൂലോം മുറ്റത്ത് മുക്രിപോക്കർ നിസ്ക്കരിച്ചു



വെള്ളരിക്കുണ്ട്: മതസൗഹാർദത്തിന്റെ മണിമുഴക്കവുമായി മാലോം കൂലോത്ത് മുക്രിപോക്കർ തെയ്യം. മാലോം ജുമാമസ്ജിദിൽ അസറ് നിസ്കാരത്തിന് ബാങ്ക് വിളി മുഴങ്ങിയപ്പോൾ മാലോം കൂലോത്ത് മുക്രി പോക്കർ നിസ്കാര തറയിൽ ശരീരശുദ്ധി വരുത്തി നിസ്കാരത്തിന് തയ്യാറായി നിൽക്കുന്ന കാഴ്ച പോയകാലത്തെ മതസൗഹാർദത്തിന്റെ വേറിട്ടകാഴ്ചയായി മാറി. പതിനെട്ട് ചേരിക്കല്ലിൽ പ്രമുഖരായ വാരിക്കടക്കോൻ കുടുംബത്തിന്റെ തറവാട് ക്ഷേത്രമാണ് മാലോം കൂലോം.കൂലോത്തെ പോയകാല ചരിത്രത്തിന്റെ ഭാഗമായാണ് മുക്രി പോക്കർ തെയ്യം കെട്ടിയാടുന്നത്.കൂലോത്ത് യജമാനൽ തുളൂർവനത്തിലൂടെ കിഴക്കേ കൂലത്തേക്ക് പോകവെ വഴിയിൽ വെച്ച് ഉള്ളാളിലെ പോക്കർ എന്ന മുസ്ലിം യുവാവ് ജോലി അന്വേഷിച്ച് നടക്കുന്നത് ശ്രദ്ധയിൽ പെടുകയും അയാളെ കൂലോത്തെ കാര്യസ്ഥനായി കൂടെകൂട്ടുകയും ചെയ്തു. പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ പോക്കർ വധിക്കപ്പെടുകയും തുടർന്ന് മണ്ഡലത്ത് ചാമുണ്ഡിയോടൊപ്പം കൂലോം ക്ഷേത്രത്തിൽ അവരോധിക്കപ്പെട്ടു എന്നാണ് ഒരു ഐതിഹ്യം.വിശ്വാസം എന്തായാലും കൂലോം ക്ഷേത്രത്തിലെ കളിയാട്ട ദിനങ്ങളിൽ മുക്രിയുടെ താടിയും,തലപ്പാവും, പച്ച ബൽറ്റും,  വാളുമായി മണ്ഡലത്ത് ചാമുണ്ഡിയുടെ കൈപിടിച്ച് ക്ഷേത്രമുറ്റത്തേക്ക് ഓടിയെത്തുന്നത് കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് നാനാജാതി മതസ്ഥരാണ് എത്തുന്നത്.മാവില സമുതായത്തിൽ പെട്ടവരാണ് മുക്രിപോക്കർ, മണ്ഡലത്ത് ചാമുണ്ഡി കോലങ്ങൾ കെട്ടുന്നത്.പുതിയ ഭഗവതി, അഞ്ചടങ്ങംഭൂതം, പാടാർക്കുളങ്ങര ഭഗവതി, പെരിയാട്ട് കണ്ടർ, ദണ്ഡിയങ്ങാനത്ത് ഭഗവതി, വിഷ്ണുമൂർത്തി, ചാമുണ്ഡി, ഗുളികൻ,കുറത്തി,കുണ്ടോർചാമുണ്ഡി തുടങ്ങിയ തെയ്യക്കോലങ്ങളും ഇവിടെ കെട്ടിയാടുന്നു.വണ്ണാൻ, മലയർ, നളിക്കത്തായർ (കോപ്പാളർ)വിഭാഗത്തിൽ പെട്ടവരാണ് മറ്റ് തെയ്യക്കോലങ്ങൾ കെട്ടുന്നത്

No comments