Breaking News

സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ നീലേശ്വരം കാവുംചിറയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പ്‌ ഇന്ന് തുടങ്ങും മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ എം വിജയൻ മുഖ്യാതിഥിയാകും

ചെറുവത്തൂർ : സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ കാവുംചിറയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പ്‌ വെള്ളിയാഴ്‌ച തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട്‌ നാലിന്‌ കാടങ്കോട്‌ അസിനാർമുക്ക്‌ പരിസരത്തു നിന്നും വിളംബര ഘോഷയാത്ര നടക്കും. തുടർന്ന്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനവും സുവനീർ പ്രകാശനവും മുൻ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി ബാലകൃഷ്‌ണൻ നിർവഹിക്കും. ജില്ല പഞ്ചായത്തംഗം സി ജെ സജിത്ത്‌ സുവനീർ ഏറ്റുവാങ്ങും. ജില്ല ടീമിന്റെ ജഴ്‌സി ചന്തേര സിഐ പി നാരായണനിൽ നിന്നും ജഗദീഷ്‌ കുമ്പള ഏറ്റുവാങ്ങും. തുടർന്ന്‌ കൊയാമ്പുറം സൗജിത്ത്‌ സ്‌മാരക വാദ്യ സംഘത്തിന്റെ പഞ്ചാരി മേളം അരങ്ങേറും. കാവുംചിറ കൃഷ്‌ണപിള്ള സ്‌മാരക ക്ലബ്‌ വനിതാവേദിയുടെ ഫ്യൂഷൻ ഡാൻസ്‌ എന്നിവ നടക്കും. 18ന്‌ രാവിലെ ഒമ്പതിന്‌ ജില്ല പൊലീസ്‌ മേധാവി ഡോ. വൈഭവ്‌ സക്‌സേന മത്സരം ഉദ്‌ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ എം വിജയൻ മുഖ്യാതിഥിയാകും. തുടർന്ന്‌ മത്സരം ആരംഭിക്കും. രാത്രി എട്ടിന്‌ പ്രസീത ചാലക്കുടിയുടെ കലാ വിരുന്നും നടക്കും.
ഞായർ പകൽ 12ന്‌ സമാപന സമ്മേളനം മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനം ചെയ്യും. 13 ജില്ലകളിൽ നിന്നായി എട്ട്‌ വനിതാ ടീം, 13 പുരുഷ ടീം എന്നിവർ മത്സരത്തിൽ മാറ്റുരക്കും. കായിക പ്രേമികൾക്ക്‌ ഇരുന്ന്‌ കളികാണാനുള്ള വിശാല ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്‌. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി വി പ്രമീള, വർക്കിങ്ങ്‌ ചെയർമാൻ പി വി കൃഷ്‌ണൻ, ജനറൽ കൺവീനർ ടി വി കൃഷ്‌ണൻ, കൺവീനർ ടി വി സുനിൽകുമാർ, കൃഷ്‌ണൻ പത്താനത്ത്‌, പി വി രാഘവൻ, സി വി ഗിരീശൻ, ടി രവീന്ദ്രൻ, എം വി ഗോവിന്ദൻ, എം വി അജീഷ്‌ എന്നിവർ സംസാരിച്ചു.


No comments