Breaking News

വാഹനാപകടത്തിൽ ഇടതുകാൽ മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നിട്ടും, തളരാതെ ദേശീയ പാരാ ബാഡ്മിന്റൻ മത്സരത്തിലേക്ക് ചുവടുവെച്ച് കോളിച്ചാൽ സ്വദേശി




രാജപുരം∙ വാഹനാപകടത്തിൽ ഇടതുകാൽ മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നിട്ടും ആത്മവിശ്വാസത്തിന്റെ കരുത്തിൽ കൃത്രിമക്കാലിൽ കഠിന പരിശീലനത്തിലൂടെ ദേശീയ പാരാ ബാഡ്മിന്റൻ മത്സരത്തിന് യോഗ്യത നേടി കോളിച്ചാൽ സ്വദേശി സനിൽ പ്ലാച്ചേരി. പ്ലസ്ടു കഴിഞ്ഞ് തുടർപഠനം നടത്താൻ പണമില്ലാതെ കൂലിപ്പണി എടുത്ത് ജീവിതം നയിക്കുന്നതിനിടെയാണ് സനിൽ വാഹനാപകടത്തിൽ പെടുന്നത്.

അപകടത്തിൽ തകർന്ന ഇടതു കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റി. ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഒരു പാട് കഷ്ടപ്പെട്ടു. പല ജോലികളും ചെയ്തു. ക്രിക്കറ്റ് കളിയോടായിരുന്നു ഇഷ്ടം. ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ കൃത്രിമ കാൽ പിടിപ്പിച്ച് ബാഡ്മിന്റൻ പരിശീലനം തുടങ്ങി. കൂട്ടുകാരുടെ പ്രോത്സാഹനം ലഭിച്ചതോടെ സ്വന്തമായി കോച്ചിനെ വച്ച് പരിശീലനം നടത്തുകയായിരുന്നു. ഇതിനിടയിൽ പാതിവഴിയിൽ നിർ‌ത്തിയ പഠനവും തുടർന്നു. വിദൂര വിദ്യാഭ്യാസം വഴി പിജി ബിരുദം നേടി‍.പാരാ ഒളിംപിക്സിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ജില്ലയ്ക്ക് വേണ്ടി മത്സരിച്ച് സംസ്ഥാന ജേതാവായി നാഷനൽ പാരാ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ സിലക്‌ഷൻ നേടി. 22 മുതൽ 26വരെ ഉത്തർപ്രദേശിലെ ലക്നൗവിൽ നടക്കുന്ന ദേശീയ മത്സരത്തിൽ സനിൽ കേരളത്തിനായി കളിക്കളത്തിൽ ഇറങ്ങും. നിലവിൽ ചെർക്കളയിൽ ഒയാസിസ് മാർക്കറ്റിങ് എന്ന പേരിൽ വിതരണ ഏജൻസി, സ്ഥാപനം, വാഹന ഇൻഷുറൻസ് പോർട്ടൽ ‍ഓഫിസ് എന്നിവ നടത്തുന്നു. ഭാര്യ: രമ്യ. മകൻ: സയാൻ. കോളിച്ചാൽ സ്വദേശിയായ സനിൽ പ്ലാച്ചേരി‍ കഴിഞ്ഞ 8 വർഷമായി ചെർക്കളയിലാണ് താമസം.

No comments