Breaking News

കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കാസർകോട് ജില്ലാ കൺവെൻഷൻ മാർച്ച് 11ന് കളനാട്


ഉദുമ: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ 2023 മാര്‍ച്ച് 11ന് കളനാട് കെ എച്ച് ഹാളില്‍ വച്ച് നടക്കും. കഴിഞ്ഞ 30 വര്‍ഷമായി ചെറുകിട സംരംഭമായ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ ഈ കൂട്ടായ്മ അഭിമാനകരമായ നേട്ടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഡിജിറ്റല്‍ കേബിള്‍ ടിവി രംഗത്ത് രാജ്യത്ത് ആറാം സ്ഥാനത്തും ഇന്റര്‍നെറ്റ് രംഗത്ത് പതിനൊന്നാം സ്ഥാനത്തും ദക്ഷിണേന്ത്യയിലും കേരളത്തിലും ഒന്നാം സ്ഥാനത്തും എത്താന്‍ സി.ഒ.എ. ക്ക് കീഴിലുള്ള പൊതു സംരംഭമായ കേരളവിഷന് സാധിച്ചിട്ടുണ്ട്.


കേരളത്തിലെ നൂറോളം വരുന്ന പ്രാദേശിക ജില്ലാ ചാനലുകളും കേരള വിഷന്‍ സാറ്റ്‌ലൈറ്റ് ന്യൂസ് ചാനലുകളുമൊക്കെ ഇന്ന് വാര്‍ത്തകളെ വസ്തുനിഷ്ഠമായി ജനങ്ങളില്‍ എത്തിച്ചുകൊണ്ട് മാധ്യമ രംഗത്തും സ്വീകാര്യത നേടാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്.


സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ ഫോണിന്റെ വിതരണ ചുമതല കേരളവിഷനാണ്. TRAI യുടെ NT03 താരിഫ് ഓര്‍ഡറിന്റെ മറവില്‍ വന്‍കിട ബ്രോഡ്കാസ്റ്റര്‍മാര്‍ ഉണ്ടാക്കിയ പേ ചാനല്‍ നിരക്കിലെ അമിത വര്‍ധനവും അനിയന്ത്രിതമായ ബൊക്കെ നിരക്കിനെയും വരിക്കാരില്‍ അമിത ഭാരം ഏല്‍പ്പിക്കാതെ ചെറുത്തുതോല്‍പ്പിക്കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.


ഗ്രാമീണ മേഖലയിലടക്കം എല്ലാ ജനവിഭാഗങ്ങള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്ന കെ.വൈ.ഫൈ പദ്ധതി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കണ്‍വെന്‍ഷന്‍ നടക്കുന്നത്. രാവിലെ 10 മണിക്ക് കണ്‍വെന്‍ഷന്‍ നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. സി.ഒ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഹരീഷ് പി നായര്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി അജയന്‍ എം ആര്‍ ജില്ലാ റിപ്പോര്‍ട്ടും, സി സി എന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍ ഭാവി പദ്ധതിരേഖ റിപ്പോര്‍ട്ടും അവതരിപ്പിക്കും. സി.ഒ.എ. സംസ്ഥാന സെക്രട്ടറി നിസാര്‍ കോയപറമ്പില്‍, കെ.സി.സി.എല്‍ ഡയറക്ടര്‍ എം ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിക്കും. ബൈജുരാജ് സി പി അനുശോചന പ്രമേയം അവതരിപ്പിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര സ്വാഗതവും മേഖലാ സെക്രട്ടറി സുനില്‍കുമാര്‍ നന്ദിയും പറയും.


ചടങ്ങില്‍ വെച്ച് വൈദ്യുതാഘാതമേറ്റ് ഇലക്ട്രിക് പോസ്റ്റില്‍നിന്നും വീണ് ഹൃദയസ്തംഭനം സംഭവിച്ച കെഎസ്ഇബി കരാര്‍ തൊഴിലാളി ബാലകൃഷ്ണന്റെ ജീവന്‍ രക്ഷിച്ച കേബിള്‍ ഓപ്പറേറ്ററും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ശ്രീജിത്ത് അച്ചാംതുരുത്തിയെ അനുമോദിക്കും. ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പുതിയ ബിസിനസ് സാധ്യതകളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും.


പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഹരീഷ് പി നായര്‍, സംഘാടക സമിതി ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര, കെ.സി.സി.എല്‍ ഡയറക്ടര്‍ എം ലോഹിതാക്ഷന്‍, ജില്ലാ സെക്രട്ടറി അജയന്‍ എം ആര്‍, ട്രഷറര്‍ കെ പ്രദീപ് കുമാര്‍, മീഡിയ ചെയര്‍മാന്‍ സതീഷ് കെ പാക്കം, സി.സി.എൻ എം ഡി ടി.വി. മോഹനൻ, മേഖലാ പ്രസിഡന്റ് ദിവാകര, സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

No comments