Breaking News

'എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്‌ലിൻ കേസ്, എല്ലാ പാതകളും അവസാനിക്കുന്നത് ഒരു പെട്ടിയിൽ'; വി ഡി സതീശൻ


തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്തു. രണ്ടാം എസ്എന്‍സി ലാവ്‌ലിന്‍ കേസ് എന്നാണ് യോഗം ഇതിനെ വിശേഷിപ്പിച്ചതെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. എല്ലാത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. ടെന്‍ഡര്‍ നിബന്ധന ലംഘിച്ച് എന്തിന് കരാര്‍ നല്‍കി, സബ് കോണ്‍ട്രാക്ട് നല്‍കാനുള്ള സാഹചര്യം എന്താണ്, എന്തുകൊണ്ട് മന്ത്രിസഭാ നോട്ടില്‍ നിന്നും കമ്പനി വിവരങ്ങള്‍ മറച്ചുവെച്ചു തുടങ്ങി യുഡിഎഫിന്റെ ഏഴു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും അന്വേഷണത്തിന്റെ പരിധിയില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ഏഴ് ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണ്. കണ്ണില്‍ പൊടി ഇടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണിത്. ഒറ്റ ചോദ്യത്തിനും ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. കല്‍ട്രോണ്‍ നാഥന്‍ ഇല്ലാത്ത കമ്പനി ആണെന്നാണ് കരുതിയത്. ഒരാഴ്ച കഴിഞ്ഞ് പ്രതികരിക്കാന്‍ വ്യവസായ മന്ത്രി എത്തിയതില്‍ സന്തോഷം. മന്ത്രി കെല്‍ട്രോണിനെ ന്യായീകരിക്കുകയാണ്. എല്ലാം കറക്കുകമ്പനികളാണ്. എല്ലാ പാതകളും അവസാനിക്കുന്നത് ഒരു പെട്ടിയിലാണ്. കരാര്‍ ഒപ്പിടുന്ന സമയത്ത് ഹേമലതയാണ് എംഡി, അവരിപ്പോള്‍ ഊരാളുങ്കല്‍ ടെക്‌നോളജി സെലക്ഷനിലാണ്.

നിബന്ധനകള്‍ ലംഘിച്ച് നടത്തിയ അഴിമതിയാണ് എഐ ക്യാമറ ഇടപാട്. പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. 9 കോടി രൂപ എസ്ആര്‍ഐടി നോക്കുകൂലി നല്‍കി കൊണ്ട് മറ്റ് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. എസ്ആര്‍ഐടി കമ്പനി ടെക്‌നിക്കലി ക്വാളിഫൈഡ് അല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വലിയ പണമിടപാടുകളാണ് ഇതില്‍ നടക്കുന്നത്. വിജിലന്‍സ് അന്വേഷണം നടക്കുന്ന പദ്ധതിക്ക് എന്തിനാണ് അനുമതി നല്‍കിയതെന്നും എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണം നടക്കുന്നു എന്ന് മന്ത്രി മന്ത്രിസഭ നോട്ടില്‍ കാണിച്ചില്ലെന്നും വി ഡി സതീശന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ക്യാമറ വാങ്ങി എന്ന ആരോപണത്തില്‍, അത് തങ്ങള്‍ക്ക് അറിയില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. അങ്ങനെ ഉണ്ടെങ്കില്‍ അതുകൂടി അന്വേഷിക്കട്ടെ. ഗൗരവത്തോട് കൂടിയുള്ള ഒരുപാട് കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ വി ഡി സതീശന്‍ പറഞ്ഞു.

No comments