Breaking News

വേനലിൽ ജീവജലം പകർന്ന്
 ചീമേനി പോത്താംകണ്ടത്ത്‌ സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച കുളം


ചീമേനി : ആളും ആരവവും ഒഴിഞ്ഞപ്പോൾ സിനിമക്കായി നിർമിച്ച കുളം പക്ഷി മൃഗാദികൾക്ക്‌ ആശ്വാസമേകുന്നു. സിനിമ ഷൂട്ടിങിനായി ചീമേനി പോത്താം കണ്ടത്താണ്‌ കൂറ്റൺ സിനിമാ സെറ്റുകളും കുളവും നിർമിച്ചത്‌. ഷൂട്ടിങ്ങ്‌ കഴിഞ്ഞ്‌ സിനിമാപ്രവർത്തകർ പോയതോടെ സെറ്റുകളും കുളവും ബാക്കിയായി. സിനിമക്കായി നിർമിച്ച കുളം വേനലിൽ മിണ്ടാപ്രാണികൾക്ക് ജീവജലം പകരുകയാണിപ്പോൾ.
വേനൽ കടുത്തിട്ടും പാറപ്പുറത്തെ കുളത്തിൽ വെള്ളം നിറഞ്ഞുനിൽക്കുകയാണ്‌. 15 മീറ്റർ വീതിയും 30 മീറ്റർ നീളവും ആഴവും കുളത്തിനുണ്ട്. കലാപരമായി കൊത്തിയെടുത്ത നീണ്ട പടവുകൾ നിറഞ്ഞ കുളം ആരെയും ആകർഷിക്കും. വെള്ളം കൊണ്ടുവന്ന് നിറച്ചാണ് ഷൂട്ടിങ് നടത്തിയത്. കുളം സംരക്ഷിച്ചാൽ കുട്ടികൾക്കുള്ള നീന്തൽ കുളമായും മറ്റാവശ്യങ്ങൾക്ക്‌ വെള്ളം ഉപയോഗപ്പെടുത്താനും സാധിക്കും.
ഒരു മാസം മുമ്പ് പോത്താംകണ്ടത്ത് 100 ഏക്കറിലേറെ സ്ഥലത്ത് തീപ്പടർന്നപ്പോൾ കുളത്തിലെ വെള്ളം തന്നെയാണ് ആശ്വാസമായത്. തീയണക്കാൻ അഗ്നി രക്ഷാനിലയത്തിലെ മൂന്ന് യൂണിറ്റുകൾ എത്തിയിരുന്നു. കുളത്തിലെ വെള്ളം നിറച്ചാണ് തീ കെടുത്തിയത്. കുളം സംരക്ഷിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. അതോടൊപ്പം സെറ്റുകൾ പൊളിച്ചു മാറ്റാൻ നടപടി വേണമെന്നും. അല്ലെങ്കിൽ മഴയിൽ സെറ്റുകൾ തകർന്ന്‌ പ്രദേശത്ത്‌ മാലിന്യം രൂപപ്പെടുമെന്നും നാട്ടുകാർ പറഞ്ഞു.


No comments