Breaking News

തൊഴിലുറപ്പ് പദ്ധതി പണിയിൽ നിന്നും സുരാജ് വെഞ്ഞാറമൂടിന്റെ ചന്ദ്രിക അമ്മായിയായി സിനിമയിൽ തിളങ്ങി മടിക്കൈയിലെ ചന്ദ്രിയേട്ടി


മടിക്കൈ : തൊഴിലുറപ്പ് പദ്ധതിയിൽ മണ്ണ് കിളക്കാനും തെങ്ങിനടിയിൽ സൊറ പറഞ്ഞിരിക്കാനും ഒപ്പമുണ്ടായിരുന്ന ചന്ദ്രിയേട്ടി സുരാജ് വെഞ്ഞാറമൂടിന്റെ ചന്ദ്രിക അമ്മായി ആയതിന്റെ ത്രില്ലിലാണ് മടിക്കൈ കാലിച്ചാംപൊതിയിലെ പെണ്ണുങ്ങൾ. സുധീഷ് ​ഗോപിനാഥ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ‘മദനോത്സവ’ത്തിലെ താരമാണ് ഈ അറുപത്തിയൊന്നുകാരി.
കുടുംബശ്രീ വാർഷികത്തിനൊക്കെ നാടകത്തിൽ തല കാണിച്ചതല്ലാതെ ഒരു പരിചയവുമില്ലാതെയാണ് ആദ്യ സിനിമയിൽ തന്നെ കസറിയത്.
പൊതുപ്രവർത്തകനായ അനിയൻ ശശീന്ദ്രൻ മടിക്കൈയാണ് സിനിമയിലേക്ക് പിടിച്ച് കൊണ്ടുപോയതെന്ന് ചന്ദ്രിയേട്ടി പറഞ്ഞു.
ബളാലിൽ ഷൂട്ടിങ് നടക്കുമ്പോൾ ആദ്യമൊക്കെ പേടിയായിരുന്നു. സിനിമയിലെ സീനിൽ സുരാജ് വെഞ്ഞാറമൂടിനെ വഴക്ക് പറയാൻ അദ്ദേഹം തന്നെയാണ് ധൈര്യം തന്നത്‌. ഒപ്പം അഭിനയിച്ചവരെല്ലാം കട്ടയ്ക്ക് കൂടെ നിന്നു. സിനിമാ മോഹം പണ്ടേ ഉണ്ടായിരുന്നു. ഈന് പിരാന്ത് എന്ന് പറഞ്ഞ് കളിയാക്കിയവരൊക്കെ ഇപ്പോൾ ഫോൺ വിളിച്ച് അഭിനന്ദിക്കുകയാണ്‌–- ചന്ദ്രിക പറഞ്ഞു.
ഗിർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മദനോത്സവം ഹിറ്റായതോടെ വിനീത് ശ്രീനിവാസന്റെ പുതിയ പടത്തിലേക്കും വിളിച്ചു. മടിക്കൈയിലെ മരുന്ന് നിർമ്മാണ കമ്പനിയായ ബെസ്‌കോട്ടിൽ നിന്ന് വിരമിച്ചയാളാണ് ചന്ദ്രിക. സിപിഐ എം കണ്ണിപ്പാറ ബ്രാഞ്ച് അം​ഗമാണ്.
പ്രദീപ്, കാഞ്ചന, ഉഷ, ഹരി എന്നിവരാണ് മക്കൾ. ഭർത്താവ് കെ വി നാരായണൻ.


No comments