കിളിയളം വരഞ്ഞൂർ -കമ്മാടം റോഡിൽ കിളിയളം ചാലിന് കുറുകെയുള്ള പാലം നിർമ്മാണ പ്രവർത്തി ആരംഭിച്ചു
നീലേശ്വരം : കിനാനൂർ കരിന്തളം- കോടോം ബേളൂർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന കിളിയളം വരഞ്ഞൂർ- കമ്മാടം കിഫ്ബി റോഡ് പൂർത്തിയായിട്ടും കിളിയളം ചാലിന് കുറുകെയുള്ള പാലം ബാക്കിയായിരുന്നു. നാട്ടുകാരുടെ സ്വപ്‌നം ഒടുവിലിതാ യാഥാർഥ്യമാകുന്നു. 4.20 കോടി രൂപ ചെലവിലുള്ള പാലത്തിന്റെ നിർമാണം തുടങ്ങി. 25 കോടി രൂപ ചെലവിട്ട് കിളിയളം വരഞ്ഞൂർ- കമ്മാടം റോഡ് നേരത്തെ പൂർത്തിയായിരുന്നു. 2016–- 2017 കിഫ്ബി പദ്ധതിയിലാണ് കിളിയളം പാലവും ഇരുഭാഗത്തെ റോഡും ഉൾപ്പെടുത്തിയത്. പൊതുമരാമത്ത് പാലം വിഭാഗം 2021ൽ എസ്‌റ്റിമേറ്റ് അംഗീകരിച്ചു.
പാലത്തിന്റെ നിർമാണം സാങ്കേതിക കാരണങ്ങളാൽ വൈകി. റോഡ് ഇരുഭാഗത്തും പൂർത്തിയായിട്ടും പാലം വരാത്തത് പദ്ധതിയെ പാതിവഴിയിലാക്കി. മഴ പെയ്താൽ ചാലിൽ വെള്ളം കയറി ഗതാഗതം മുടങ്ങുന്ന സ്ഥിതി ഇനിമാറും. പാലം പൂർത്തിയാകുന്നതോടെ ചാങ്ങാട്, പുതുക്കുന്ന്, വട്ടക്കല്ല്, ചേടിക്കുണ്ട്, വരഞ്ഞൂർ പ്രദേശങ്ങളിലുള്ളവർക്ക് കൊല്ലംപാറയിലുടെ നീലേശ്വരത്തെത്താൻ എളുപ്പമാവും. കരിന്തളം പഞ്ചായത്ത് ഓഫീസ്, റേഷൻ കട, കരിന്തളം പിഎച്ച്സി എന്നിവിടങ്ങളിലേക്ക് പ്രയാസമില്ലാതെ എത്താനാകും.
No comments