Breaking News

'കാസർകോടേയ്ക്ക് സിനിമ വന്നത് മയക്കു മരുന്ന് മോഹിച്ചല്ല'; എം രഞ്ജിത്തിനെതിരെ 'മദനോത്സവം' സംവിധായകൻ


മയക്കുമരുന്ന് വരാൻ എളുപ്പമുള്ളതു കൊണ്ട് കാസർകോടേയ്ക്ക് ഷൂട്ടിംഗ് ലൊക്കേഷനുകൾ മാറുന്നുവെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ മദനോത്സവം സിനിമയുടെ സംവിധായകൻ സുധീഷ് ഗോപിനാഥ്. കാസർകോടേയ്ക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല. ആ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണ്. നാടകങ്ങളിലൂടെ വൈഭവം തെളിയിച്ച കലാകാരന്മാരും തെയ്യം പോലുള്ള അനുഷ്ഠാന കലകൾ അവർക്ക് നൽകിയ ശരീര ഭാഷയും ഉത്തര മലബാറിലെ കലാ-സാംസ്കാരിക പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയുമാണ് മലയാള സിനിമ കാസർകോട് എത്തിയതിന്റെ അനുകൂല ഘടകങ്ങൾ. താൻ കാസർകോട് സിനിമ ചെയ്യാനുള്ള കാരണം സ്വന്തം നാട് കൂടെ നിൽക്കും എന്ന വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

കാസർകോടേയ്ക്ക് സിനിമ വന്നത് മയക്കു മരുന്ന് മോഹിച്ചല്ല... ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണ്.1989ൽ പിറവി, 1995 ൽ ബോംബെ, 2000ൽ മധുരനോമ്പരക്കാറ്റ്‌, 2017ൽ തൊണ്ടിമുതൽ, 2021ൽ തിങ്കളാഴ്ച നിശ്ചയം, 2022ൽ എന്നാ താൻ കേസ് കൊട്, 2023ൽ ഞാൻ സംവിധാനം ചെയ്ത മദനോത്സവം തുടങ്ങിയ സിനിമകൾ.. രേഖ, അനുരാഗ് എഞ്ചിനീയറിംഗ് പോലെ ശ്രദ്ധേയമായ മറ്റു പല ചിത്രങ്ങൾ.. ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന ഒരു പാട് സിനിമകൾ.. പയ്യന്നൂർ/ കാസർകോട് പ്രദേശത്തു സിനിമാ വസന്തമാണിപ്പോൾ.

അധികം പകർത്തപ്പെടാത്ത കാസർകോടിന്റെ ഉൾ നാടുകളുടെ ദൃശ്യ ഭംഗിയും സാംസ്കാരിക ശേഷിപ്പുകളുടെ കാഴ്ചകളും, ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവർത്തകരെ ഇവിടേയ്ക്ക് നോക്കാൻ പ്രേരിപ്പിച്ചത്. നാടകങ്ങളിലൂടെ വൈഭവം തെളിയിച്ച കുറെ കലാകാരന്മാർ, തെയ്യം പോലുള്ള അനുഷ്ഠാന കലകൾ ഈ നാട്ടിലെ കലാകാരന്മാർക്ക് നൽകിയ ഊർജ്ജമുള്ള ശരീര ഭാഷ, ഉത്തര മലബാറിലെ സാഹിത്യ /കല /നാടക/സാംസ്കാരിക പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മ, കാസർകോട് മണ്ണിൽ നിന്നും സിനിമ മോഹവുമായി വണ്ടി കയറി പോയ ചെറുപ്പക്കാർ പ്രതിബന്ധങ്ങൾ താണ്ടി വളർന്നു സ്വതന്ത്ര സംവിധായകരും, കാസ്റ്റിംഗ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേയ്ക്ക് വന്നതിന്റെ മറ്റു ചില അനുകൂല ഘടകങ്ങൾ.

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂർ ഷൂട്ട് ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വൻ വിജയമായപ്പോൾ കാസർകോട് അടക്കമുള്ള പ്രദേശത്തു നിന്നുള്ളവരുടെ പുതിയ സിനിമ പ്രവർത്തക സംഘം ഉണ്ടായി വന്നു. അവർക്ക് ആ വിജയം നൽകിയ ശുഭാപ്തി വിശ്വാസം തങ്ങളുടെ പുതിയ സിനിമകളെ വടക്കോട്ടു കൊണ്ടുവന്നു. വലിയ നടന്മാർക്ക് പോലും അച്ചടി മലയാള ഭാഷ തങ്ങളുടെ പ്രകടനങ്ങൾക്ക് വലിയ തടസമായിരുന്നു. കഥാപരിസരം സ്വന്തം നാടായപ്പോൾ, ഭാഷ സ്വന്തം സംസാര ഭാഷ ആയപ്പോൾ ഉത്തര മലബാറിലെ നടന്മാർ വലിയ കഴിവുകൾ സ്‌ക്രീനിൽ പ്രകടിപ്പിച്ചു മിന്നും താരങ്ങളായി.സാങ്കേതിക വിദ്യയുടെ വളർച്ച സിനിമാ നിർമ്മാണ പ്രക്രിയയിൽ ഉണ്ടാക്കിയ സൗകര്യങ്ങൾ, കണ്ണൂർ എയർപോർട്ട് വഴി വലിയ താരങ്ങൾക്ക് എളുപ്പത്തിൽ കാസറഗോഡ് എത്താവുന്ന അവസ്ഥ, താങ്കളുടെ താമസത്തിനു ബേക്കൽ, നീലേശ്വരം പ്രദേശത്തുള്ള നക്ഷത്ര ഹോട്ടലുകൾ, വിജയകരമായ സിനിമകൾ നിർമ്മാതാക്കൾക്ക് നൽകിയ ആത്മവിശ്വാസം എല്ലാമാണ് കൂടുതൽ സിനിമക്കളെ കാസർകോട് പയ്യന്നൂർ മേഖലയിലേക്ക് കൊണ്ട് വന്ന മറ്റു കാരണങ്ങൾ.സിനിമ ഞങ്ങളുടെ ഒരു സാംസ്കാരിക പ്രവർത്തനം കൂടിയാണ്. പരാജയ ലോക്കഷൻ എന്ന പഴയ പേര് ദോഷം മാറി വിജയ ലോക്കഷൻ എന്ന പേരിലേക്ക് ഞങ്ങൾ മാറി. തുടരെ തുടരെ സിനിമകൾ ഇവിടെ ഉണ്ടാകുന്നു. കാസർകോട് ഭാഗത്തെ പലരുടെയും അന്നമാണ്‌ ഇന്ന് സിനിമ, കലാകാരന്മാരുടെ ആവേശമാണ്.ഞാൻ കാസർകോട് എന്റെ സ്വന്തം നാട്ടിൽ സിനിമ ചെയ്യാനുള്ള കാരണം ഈ നാട്‌ എന്റെ സിനിമയുടെ കൂടെ നിൽക്കും എന്ന വിശ്വാസമുള്ളതു കൊണ്ടാണ്. ഷൂട്ടിംഗ്‌ സമയത്ത്‌ എന്റെ ക്ര്യൂ മെംബെർസ്സ്‌ എല്ലാം വീടുകിൽ ആയിരുന്നു താമസിച്ചിരുന്നത്‌. കാസർകോട്ടെ നന്മയുള്ള മനുഷ്യർ ഉള്ളതു കൊണ്ടാണു താമസിക്കാൻ വീട്‌ വിട്ടു തന്നത്‌. അത് എന്റെ സിനിമയുടെ ബഡ്ജറ്റ്‌ കുറയ്ക്കാൻ വലിയ കാരണമായിട്ടുണ്ട്‌. ജൂനിയർ ആക്റ്റേഴ്സ്സിനു എറ്റവും കുറവു പണം ചിലവഴിച്ച സിനിമയാണു മദനോൽസവം കാരണം ഓരോ സ്ഥലങ്ങളിലേയും ആളുകൾ നമ്മളോടൊപ്പം വന്നു സഹകരിച്ചതു കൊണ്ടാണു. അവർ അങ്ങനെയാണു കലയെ നെഞ്ചിലേറ്റി നടക്കുന്നവരാണു. മറ്റു രീതിയിലുള്ള പ്രചാരണങ്ങൾ തികച്ചും ആവാസ്തവവും ഈ നാടിലെ സാധാരണക്കാരെയും സിനിമ പ്രവർത്തകരെയും അപമാനിക്കൽ കൂടിയാണ്."

No comments