Breaking News

വേനൽ അതികഠിനം ; റാണിപുരത്ത് സഞ്ചാരികൾ കുറഞ്ഞു


രാജപുരം: കത്തുന്ന വേനലിൽ തളർന്ന് കേരളത്തിന്റെ ഊട്ടിയായ റാണിപുരവും. അവധിക്കാലമായിട്ടും ഒരു മാസത്തിനിടെ റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയത് ചുരുക്കം സഞ്ചാരികൾ മാത്രം.

മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രവേശന ടിക്കറ്റിനത്തിൽ വനംവകുപ്പിന് ഈ വർഷമുണ്ടായത് വലിയ നഷ്ടം. സഞ്ചാരികൾ കുറഞ്ഞതോടെ വിനോദസഞ്ചാരകേന്ദ്രത്തെ ആശ്രയിച്ച് കഴിയുന്ന ഡി.ടി.പി.സി.യുടേതടക്കം റിസോർട്ടുകളും ഹോംസ്റ്റേയും നടത്തുന്നവരും പ്രതിസന്ധിയിലായി.

2021-ൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 5173 പേരാണ് റാണിപുരത്തെത്തിയത്. 2022-ൽ ഇത് 5668 ആയി ഉയർന്നു. എന്നാൽ, ഈ വർഷം ആകെ എത്തിയത് 2600 സഞ്ചാരികൾ മാത്രം. 2021 മാർച്ചിൽ പ്രവേശന ടിക്കറ്റിനത്തിൽ 1.10 ലക്ഷവും 2022-ൽ 1.40 ലക്ഷവും ലഭിച്ചപ്പോൾ 2023-ൽ ആകെ ലഭിച്ചത് 59,000 രൂപ.കുടിവെള്ളക്ഷാമത്തിന്റെ പേരിൽ മാർച്ച് എട്ട് മുതൽ 10 ദിവസം വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടിരുന്നു. 18-ന് വീണ്ടും തുറന്നെങ്കിലും അക്കാര്യം സഞ്ചാരികളിലേക്ക് വേണ്ടത്ര എത്തിക്കാനാകാത്തത് വലിയ നഷ്ടമുണ്ടാക്കിയതായാണ് വിലയിരുത്തൽ.

ഓരോ വർഷവും സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടും അടിസ്ഥാനസൗകര്യങ്ങളൊരുക്കാത്തതും സഞ്ചാരികളെ അകറ്റി. റാണിപുരത്തേക്ക് എത്തിച്ചേരേണ്ട കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയുടെ നവീകരണം ഇഴഞ്ഞുനീങ്ങുന്നതും സഞ്ചാരികളുടെ വരവിനെ ബാധിച്ചു.

റോഡിന്റെ ദുരവസ്ഥ കാരണം ടൂർ ഓപ്പറേറ്റർമാരും ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുമടക്കം റാണിപുരത്തെ കൈയൊഴിഞ്ഞ സ്ഥിതിയാണ്.

സീസണായിട്ടും സഞ്ചാരികളെത്താത്തത് ചെറുതും വലുതുമായ റിസോർട്ട് നടത്തിപ്പുകാരെയും ജീവനക്കാരെയുമടക്കം ഏറെ ബാധിച്ചു. 


ഗതാഗത സംവിധാനമില്ല


ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായിട്ടും റാണിപുരത്തേക്ക് ആവശ്യമായ ബസ് സർവീസ് ഇപ്പോഴുമില്ല. കാഞ്ഞങ്ങാട്ടുനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് 9.40-ന് റാണിപുരത്ത് എത്തുന്ന കെ.എസ്.ആർ.ടി.സി. ബസ് കഴിഞ്ഞ അഞ്ച് മുതൽ സർവീസ് നടത്തുന്നില്ല.

റാണിപുരത്തേക്ക് പെർമിറ്റ് ഉള്ള സ്വകാര്യ ബസ് മൂന്ന് കിലോമീറ്റർ താഴെ പന്തിക്കാലിൽനിന്നാണ് ഓട്ടം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. ബസുകൾ വീണ്ടും സർവീസ് തുടങ്ങിയാൽ സഞ്ചാരികൾക്കൊപ്പം റാണിപുരമുൾപ്പെടുന്ന പ്രദേശങ്ങളിലെ 100 കണക്കിന് കുടുംബങ്ങളുടെ യാത്രക്ലേശത്തിനും പരിഹാരമാകും

No comments