ആളുമാറി ഫോൺ വിളിച്ചതിന് ദമ്പതികളെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു
![]() |
പള്ളിക്കര: ആളുമാറി ഫോൺ വിളിച്ചതിനെ തുടർന്ന് ദമ്പതികളെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടി പരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ ദമ്പതികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിക്കെതിരെ വധശ്രമത്തിന് ബേക്കൽ പോലീസ് കേസെടുത്തു. പൂച്ചക്കാട്ട് കിഴക്കേക്കര കുണ്ടുവളപ്പിൽ പി.ചന്ദ്രശേഖരൻ(60), ഭാര്യ കെ.ജാനകി(51) എന്നിവരെയാണ് അയൽവാസിയായ ബാബു വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. ചന്ദ്രശേഖരന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ബാബു ആദ്യം കത്തികൊണ്ട് ജാനകിയെ വെട്ടുകയായിരുന്നു. കഴുത്തിന് നേരെയുണ്ടായ വെട്ട് ജാനകി കൈകൊണ്ട് തടഞ്ഞപ്പോൾ കൈക്ക് മാരകമായി പരിക്കേറ്റു. ഇതിനുശേഷം ചന്ദ്രശേഖരനേയും വെട്ടിപരിക്കേൽപ്പിച്ചു. ബഹളംകേട്ടെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചന്ദ്രശേഖരന്റെ ഫോണിൽ നിന്നും ബാബുവിന്റെ ഫോണിലേക്ക് അബദ്ധത്തിൽ കോൾ പോയതാണ് ബാബുവിനെ പ്രകോപിപ്പിച്ചത്.
No comments