Breaking News

ബൈക്ക് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു


കാഞ്ഞങ്ങാട്: മൂന്ന് മാസം മുൻപ്  ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു.

ഹോസ്ദുർഗ് അയ്യപ്പ ഗാരേജിന് സമീപത്തെ ഓട്ടോ ഡ്രൈവർ പ്രേംകുമാറിന്റെ മകൻ വിനയരാജ് (20) ആണ് ഇന്ന് പുലർച്ചെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രയിൽ മരിച്ചത്.

പാലക്കുന്ന് ഭരണി മഹോത്സവം കഴിഞ്ഞ് മടങ്ങിവരുമ്പോൾ കഴിഞ്ഞ ഫെബ്രുവരി 20 ന് പുലർച്ചെ ആറ് മണിയോടെ വിനയരാജും സുഹൃത്ത് കിരണും സഞ്ചരിച്ച ബൈക്ക് ഹോസ്ദുർഗ് ലിറ്റിൽ ഫ്ളവർ സ്കൂളിന് സമീപം വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിനയരാജിനെ ആദ്യം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവാത്തതിനെ തുടർന്ന് മംഗലാപുരത്തെ ഏനപ്പോയ ആശുപത്രിയിലേക്ക് മാറ്റി. ഒടുവിൽ ഒരാഴ്ച മുമ്പാണ് വിനയരാജിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഇന്ന് പുലർച്ചെ 6.20 മണിയോടെയാണ് മരണം സംഭവിച്ചത്.

അമ്മ പരേതയായ ശോഭാവതി. പരേതനായ വിഷ്ണുരാജ് സഹോദരനാണ്. ഹോസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പുതിയകോട്ടയിലെ ബി ജെ പി ഓഫീസിന് സമീപം പൊതുദർശനത്തിന് വെച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോയി.

No comments