Breaking News

മീനുകൾ ചത്തുപൊന്തി ; പയസ്വിനി പുഴയിലെ നെയ്യങ്കയത്ത് ജീവന്റെ പിടച്ചിൽ


കാനത്തൂർ
ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയായ പയസ്വിനിയിലെ ഏറ്റവും ആഴമുള്ള കയമായ നെയ്യംകയത്തിലെ ജീവനായ മീനുകൾ ചത്തുപൊന്തിയ നിലയിൽ. വെള്ളി പുലർച്ചെയാണ് നാട്ടുകാർ മീനുകൾ ചത്തനിലയിൽ കണ്ടത്. മെരുവൽ, കൂർ മീൻ ,തേമീൻ, കുരുടൻ,കലുവ, കൊളോൻ, മലഞ്ഞിൽ, കൊത്യൻ , ആരകൻ,നൊളി,വാള, മുശു , ബ്രാൽ, ഏരി, നരിമീൻ , കൊയല, പാലത്താൻ എന്നിങ്ങനെ കാസർകൊടൻ മലയാളം പേരു ചൊല്ലി വിളിക്കുന്ന നിരവധി മീനുകളാണ്‌ കയത്തിൽ ചത്തുപൊങ്ങിയത്‌. 52 ഇനം പുഴ മത്സ്യങ്ങളാണ് ജൈവവൈിധ്യബോർഡ്‌ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്‌. കനത്ത ചൂടിൽ വെള്ളം വറ്റിയതോടെ മീൻവേട്ടയ്ക്ക് എത്തുന്ന നീർനായ്ക്കളുടെ ശല്യമുണ്ടായിരുന്നു. അതോടൊപ്പം മീൻ പിടിച്ച് വിൽപന നടത്താൻ ശ്രമിക്കുന്നവരുമുണ്ട്. നാട്ടുകാർ രാത്രി ഇത്‌ തടയാൻ കാവൽ നിന്നിരുന്നു. രണ്ടുദിവസംമുമ്പ്‌ വേനൽമഴ അൽപം ലഭിച്ചതും പുഴയിലെ അതിർത്തി പ്രദേശത്ത് വെള്ളമെത്തിയതിനാലും കാവൽ നിർത്തി. പിന്നീടുണ്ടായ കൊടുംചൂട് കാരണം കയത്തിലെ വെള്ളം പിന്നെയും താഴ്ന്നു. ഇയവസരത്തിൽ വ്യാഴം രാത്രി കയത്തിലിറങ്ങി ചിലർ വലയിട്ട് മീൻ പിടിച്ചതാണ്ച ത്തുപൊങ്ങാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ചെളിനിറഞ്ഞ അടിഭാഗത്ത് ഇവർ ഇറങ്ങിയപ്പോൾ വെള്ളംകലങ്ങി. കലങ്ങിയ വെള്ളത്തെ അതിജീവിക്കാൻ കഴിയാത്ത മീനുകളാണ് ചത്തത്. നെയ്യംകയത്തിന്റെ കൈവഴിയിലെ ഒളിയത്തടുക്കത്തോട് ചേർന്നുള്ള കയത്തിലാണ് സംഭവം. പ്രധാന കയത്തിൽ മീൻപിടിക്കാതിരിക്കാൻ ജാഗ്രതയോടെയുള്ള ഇടപെടൽ തുടരുമെന്ന് നാട്ടുകാർ പറഞ്ഞു.

വരൂ...സംരക്ഷിക്കാം
കാനത്തൂർ
പയസ്വിനി പുഴയിലെ നെയ്യങ്കയത്തെ കാക്കാൻ ശ്രമങ്ങളുമായി വനംവകുപ്പും നാഷണൽ സർവീസ് സ്‌കീമും. 'പയസ്വിനിക്ക് ഒരു മുളഞ്ചോല' എന്ന ആശയവുമായി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് നാടും സ്‌കൂളും പുഴയിലേക്ക് ഇറങ്ങിയത്. വനം വന്യജീവി വകുപ്പും സാമൂഹ്യ വനവത്കരണ വിഭാഗവും ജിവിഎച്ച്എസ്എസ് ഇരിയണ്ണി എൻഎസ്എസ് വളണ്ടിയർമാരും ചേർന്ന് മിഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് നെയ്യങ്കയത്ത് എത്തിയത്. പ്രാദേശിക ജൈവ വൈവിധ്യ മേഖലയായി തെരെഞ്ഞെടുക്കപ്പെട്ട നെയ്യങ്കയം - എരിഞ്ഞിപ്പുഴ പുഴയോരത്ത് 250 മുളതൈ നട്ടു. 1000 തൈ ഇക്കൊല്ലം തന്നെ നടും. പുഴയെ കൊല്ലുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ചു. മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ജനാർദനൻ ഉദ്‌ഘാടനം ചെയ്തു. മേഖലാ വനംമേധാവി കെ ഗിരീഷ് അധ്യക്ഷനായി.

കയങ്ങൾ പുഴയുടെ ജീവൻ
വെള്ളം വെട്ടിത്തിളക്കുമ്പോൾ ഓക്സിജൻ കുറയുന്ന കാലത്ത്‌ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങുമ്പോൾ വായുവിനും ഭക്ഷണത്തിനും പൊരുതി മീനുകൾ ചത്തുപൊങ്ങുന്നതാണെന്ന്‌ പരിസ്ഥിതി പ്രവർത്തകൻ ഡോ. ഇ ഉണ്ണികൃഷ്‌ണൻ പറഞ്ഞു. കയത്തിൽ നിന്നും നീരുറ്റിക്കൊണ്ടിരുന്ന മോട്ടോറുകൾ നീക്കംചെയ്ത്‌ ജൈവവൈവിധ്യ സംരക്ഷണത്തിൽ പ്രാദേശിക ഇടപെടൽ വേണമെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

ജലചൂഷണം വ്യാപകം
കർണാടക അതിർത്തി പിന്നിട്ട് പയസ്വിനി പുഴയിലെ പരപ്പ മുതൽ അഡൂർ, കുണ്ടാർ, ആദൂർ തുടങ്ങി പല മേഖലകളിലും ജലചൂഷണം വ്യാപകമായുണ്ട്. അതിർത്തി പ്രദേശങ്ങളിൽ ഒരാഴ്ച മുമ്പ്‌ ലഭിച്ച വേനൽമഴയിൽ പുഴയിൽ വെള്ളം വന്നെങ്കിലും ഇതിന്റെ ഗുണം അഡൂർ പ്രദേശത്തിന് ലഭിച്ചില്ല. സൗജന്യ വൈദ്യുതി കണക്ഷൻ ഉള്ളവർ നിയന്ത്രണമില്ലാതെ വെള്ളം കൃഷിയിടത്തിലേക്ക് അടിച്ചുവിടുന്നുണ്ട്. വൈദ്യുതി മോഷണവും വ്യാപകമായുണ്ട്. കൃത്യമായി വെള്ളം പമ്പ് ചെയ്യുന്ന കൃഷിക്കാർക്ക് വെള്ളം കിട്ടാത്ത പ്രശ്നവുമുണ്ട്.

വേണം തടയണ
സംസ്ഥാനത്തെ പ്രാദേശിക ജൈവവൈവിധ്യ കേന്ദ്രമായി പ്രഖ്യാപിച്ച നെയ്യങ്കയം സംരക്ഷിക്കാനും പ്രദേശത്തെ ജലക്ഷാമം പ്രശ്നം പരിഹരിക്കാനായി അടിയന്തിരമായി തടയണ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി സ്ഥലപരിശോധനയും കണക്കെടുപ്പും പൂർത്തിയാക്കിയിരുന്നു.

‘മിസ്‌ കേരള’ യും ഓർമയാകുമോ
അലങ്കാര മത്സ്യങ്ങളുടെ ഗണത്തിൽപ്പെടുന്ന അപൂർവമായ ‘മിസ്‌ കേരള ’ മീനും ചത്തവയിൽപ്പെടുന്നു. പുണ്ട്യസ് ഡെനിസോണി (Puntius denisonii) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത് സഹ്യാദ്രിയ ഡെനിസോണി (Sahyadria denisonii) എന്നു പുനർനാമകരണം ചെയ്യണമെന്ന് നിർദ്ദേശമുയർന്നിട്ടുണ്ട്. ചെങ്കണഞ്ഞോൻ എന്ന പ്രാദേശിക നാമത്തിലും, ഡെനിസൺ ബാർബ്, റെഡ് ലൈൻ ടോർപിഡോ ബാർബ് എന്നീ പേരുകളിലും മിസ്‌ കേരള അറിയപ്പെടുന്നു. വംശനാശ ഭീഷണിനേരിടുന്നതിനാൽ മിനിനെ രാഷ്ട്രാന്തര ജൈവസംരക്ഷണസംഘത്തിന്റെ ചെമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളപട്ടണം പുഴയുടെ പോഷകനദിയായ ചീങ്കണ്ണിപ്പുഴ, അച്ചൻ‌കോവിലാർ, ചാലിയാർ എന്നിവിടങ്ങളിലും പയസ്വിനിക്ക്‌ പുറമെ മിസ്‌ കേരളയെ കണ്ടെത്തിയിട്ടുണ്ട്‌.No comments