Breaking News

കർണാടകയിൽ വർ​ഗീയ പ്രചരണം നടത്തിയെന്ന് ആരോപണം; രാജ്മോഹൻ ഉണ്ണിത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി


ബെം​ഗളൂരു: വർ​ഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. രാജ്മോഹൻ ഉണ്ണിത്താൻ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് പരാതിയിൽ പറയുന്നു. ബിജെപി മുൻ സംസ്ഥാന വക്തമാവ് സന്ദീപ് വാര്യരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പുറമെ മതേതരത്വം പറയുന്ന കോൺ​ഗ്രസിന്റെ പച്ചയായ വർ​ഗീയ പ്രചരണമാണ് ഉണ്ണിത്താന്റെ വാക്കുകളിൽ വ്യക്തമാവുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. നമ്മളൊക്കെ ആർഎസ്എസിനെ എതിർക്കുന്നവരാണെന്നും മുസ്ലീങ്ങൾ മുസ്ലീങ്ങൾക്കെതിരെ മത്സരിച്ച് ബിജെപിയെ വിജയിപ്പിക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രചരണത്തിനിടെ ആളുകളോട് പറയുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം.

അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചൂടുപിടിച്ച പ്രചാരണമാണ് കന്നട മണ്ണിൽ നടക്കുന്നത്. ദേശീയ നേതാക്കളെ കൂടുതൽ സമയം പ്രചരണത്തിന് ഇറക്കി വോട്ട് ഉറപ്പിക്കാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെയും മറ്റന്നാളും ബംഗളൂരു നഗരത്തിൽ മരത്തോൺ റോഡ് ഷോ സംഘടിപ്പിക്കും. ആദ്യ ദിവസം 10 കിലോമീറ്ററും രണ്ടാം ദിവസം 26 കിലോമീറ്ററുമാണ് മോദിയുടെ റോഡ് ഷോ. കോൺഗ്രസ് പ്രചാരണ വേദികളിൽ ശനിയാഴ്ച സോണിയാ ഗാന്ധി എത്തും. ഹൂബ്ലിയിലാണ് ആദ്യ പരിപാടി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം തുടരുന്നുണ്ട്. എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രചാരണത്തിൽ സജീവമാണ്. പ്രകടന പത്രികയിലെ ആറു വാഗ്ദാനങ്ങൾ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് പ്രചാരണം. 40% കമ്മീഷൻ ആരോപണം സജീവ ചർച്ചയാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.


No comments