നാടിനെ കണ്ണീരണിയിച്ച് അശ്വിൻ മധുവിൻ്റെ അകാല വിയോഗം വിടവാങ്ങിയത് അഭിനയത്തിലും കഴിവ് തെളിയിച്ച പ്രതിഭ
കരിന്തളം: കാലിച്ചാമരത്തെ ഞാണിക്കോടൻ മധു -ജിഷ ദമ്പതികളുടെ മകൻ അശ്വിൻ മധു (17) വിട പറഞ്ഞത് നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തി. അതോടൊപ്പം അശ്വിൻ പഠിക്കുന്ന ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും അതീവ ഭുഖിതരാണ്. എല്ലാവരോടും സ്നേഹവും സൗഹൃദവും പുലർത്തിയിരുന്ന കുട്ടിയായിരുന്നു അശ്വിൻ.
സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന എൻഡോസൾഫാൻ വിരുദ്ധ സമരത്തിൽ വൈകല്യങ്ങളെ മറന്ന് മുൻ നിരയിൽ നിന്ന സമര പോരാളി
തെയ്യക്കോലങ്ങൾ ഉറഞ്ഞാടുന്നത് കണ്ണ് ചിമ്മാതെ നോക്കി നിൽക്കാറുണ്ട് അശ്വിൻ.തെയ്യങ്ങളോട് അത്രയേറെ ഇഷ്ടവും ആരാധനയുമായിരുന്നു. നാട്ടിൽ എവിടെയൊക്കെ കളിയാട്ടങ്ങൾ നടന്നാലും അവിടെയൊക്കെ എത്തിപ്പെടാൻ അവൻ ശ്രമിച്ചിരുന്നു.
വിധി അസുഖത്തിൻ്റെ രൂപത്തിൽ വേട്ടയാടിയിരുന്നുവെങ്കിലും തൻ്റെ പരിമിതികളിൽ ഒരിക്കലും തളരാതെ പിടിച്ച് നിന്നിരുന്ന അശ്വിൻ അഭിനയ മേഖലയിലും തിളങ്ങിയ പ്രതിഭയാണ്. എൻഡോസൾഫാൻ ആസ്പദമാക്കി നിർമ്മിച്ച 'വിഷക്കാറ്റ്' എന്ന ചെറു സിനിമയിലും ലഹരിക്കെതിരെ കിനാനൂർ -കരിന്തളം ഗ്രാമ പഞ്ചായത്തും കേരള എക്സൈസ് വകുപ്പും ചേർന്ന് നിർമ്മിച്ച് തിരുവനന്തപുരം സംസ്ഥാന ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിച്ച് അവാർഡ് നേടിയ 'കനലെരിയും ബാല്യം' സിനിമയിലെ പ്രധാന വേഷത്തിലും അശ്വിൻ മികച്ച പ്രകടനം കാഴ്ച്ച വച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു. കൂടാതെ ലാൽ നായകനായ 'ചന്ദ്രഗിരി' എന്ന സിനിമയിലും ഏതാനും മ്യൂസിക് ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അശ്വിൻ്റെ കഴിവ് വളർത്തിയെടുക്കാൻ കുടുംബത്തിൽ നിന്നും പ്രോത്സാഹനവും പരിപൂർണ്ണ പിന്തുണയും നൽകിയിരുന്നു. കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നതിന് മുന്നേ വിധി മരണത്തിൻ്റെ രൂപത്തിൽ അശ്വിനെ കീഴ്പ്പെടുത്തുകയായിരുന്നു
മൃതശരീരം രാവിലെ 9 മണിക്ക് ചായ്യോത്ത് ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ശാരീരിക പരിമിതികൾ മൂലം സ്ക്കൂളിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ഇന്ന് അശ്വിൻ്റെ ചേതനയറ്റ ശരീരം സ്ക്കൂളിൻ്റെ ഗേറ്റ് കടന്ന് അകത്ത് കയറും..
പ്രിയപ്പെട്ട കൂട്ടുകാരും അധ്യാപകരും നിറകണ്ണുകളോടെ അവസാനമായി ഒരു നോക്ക് കണ്ട് അവനെ യാത്രയാക്കും..
പിന്നെ, കണ്ണീരണിഞ്ഞ സ്വന്തം നാടിനേയും നാട്ടുകാരേയും വീട്ടുകാരേയും സാക്ഷിയാക്കി കാലിച്ചാമരത്തെ വീട്ടുവളപ്പിൽ അവൻ അന്ത്യവിശ്രമം കൊള്ളും..
എഴുത്ത്: ചന്ദ്രു വെള്ളരിക്കുണ്ട്
No comments