Breaking News

കാത്തിരിപ്പിന് വിരാമം; ഈസ്റ്റ് എളേരി വായ്ക്കാനം കോളനിയിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിച്ച് പട്ടികവർഗ വകുപ്പ്.

 

ചിറ്റാരിക്കാൽ :  വായ്ക്കാനം കോളനിയിലെ ജനങ്ങളുടെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് വിരാമം; മുഴുവൻ വീടുകളിലും വെള്ളമെത്തിച്ച് പട്ടികവർഗ വകുപ്പ്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ വായ്ക്കാനം കോളനി സമുദ്രനിരപ്പിൽ നിന്നും മൂവായിരം അടി ഉയരത്തിൽ ആണ്.വേനൽ കടുത്താൽ ഈ കോളനിയിലെ കുടുംബങ്ങൾ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുക. രണ്ട് ജനറൽ വിഭാഗം കുടുംബം ഉൾപ്പെടെ 56 കുടുംബങ്ങളാണ് ഈ കോളനിയിലുള്ളത്.250ൽ അധികംവരുന്ന ജനസംഖ്യ.ഈ മനുഷ്യർക്ക് അലക്കാനും,കുളിക്കാനും,കുടിക്കാനും ഉള്ള ഏക ആശ്രയം പഴയ പഞ്ചായത്ത് കുളം ആയിരുന്നു. മുൻപ് ഉണ്ടായിരുന്ന കിണർ വെള്ളം കുറഞ്ഞപ്പോൾ വീതി കുട്ടി കുളമാക്കിയതാണ്.10കോൽ താഴ്ചയുള്ള ഈ കുളത്തിലിറങ്ങിവേണം കോളനിക്കാർ വെള്ളം ശേഖരിക്കാൻ.വേനൽകാലത്ത് കുളത്തിൽ വെള്ളം എവിടെയും കാണാൻ ഉണ്ടാകില്ല. സൈഡ് കെട്ടിലെ വിള്ളലുകളിലൂടെ തെങ്ങോല തിരുകിവെച്ച് അതിലൂടെ വരുന്ന വെള്ളം ശേഖരിച്ചാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഓലയിലൂടെ കണ്ണുനീർ തുള്ളികളായ് വരുന്ന വെള്ളം വെളുപ്പിന് നലുമണിവരെ ശേഖരിച്ചാൽ ഒരു കുടുംബത്തിന് മൂന്ന് കുടം വെള്ളമാണ് ലഭിക്കുക.വെള്ളം ശേഖരിക്കേണ്ടതിനാൽ പണിക്ക് പോകാനും സാധിക്കില്ല.ശേഖരിച്ച വെള്ളം കരയിൽ എത്തിക്കാനും ബുദ്ധിമുട്ടാണ്.സൈഡിലൂടെയുള്ള ചെറിയ കൽപ്പടവിലൂടെ വേണം മുകളിലെത്താൻ.പ്രായമായവരും,ഗർഭിണികളും,കുട്ടികളും അടക്കം ഈ അപകടാവസ്ഥയിലൂടെയാണ് വെള്ളവുമായി കരകയറുന്നത്. ഈ സാഹചര്യത്തിലാണ് കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സംസ്ഥാന പട്ടികവർഗ വകുപ്പ് പദ്ധതി രൂപീകരിച്ചത്. ജില്ലാ പഞ്ചായത്ത് പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി 68.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവിടെ കുടിവെള്ള വിതരണ പദ്ധതി പൂർത്തിയാക്കിയത്. കുറ്റ്യാട്ട് കണ്ണൻ സൗജന്യമായി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്ത് കിണർ കുഴിച്ച്, കുഞ്ഞിപ്പുരയിൽ കുഞ്ഞിക്കണ്ണൻ, കോട്ടയിൽ മാണിക്കൻ എന്നിവർ നല്‍കിയ സ്ഥലങ്ങിൽ ടാങ്കുകളും നിർമ്മിച്ച് എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിച്ചു. കുടിവെള്ള വിതരണം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷനായി.വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ കെ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഡി നാരായണി, പഞ്ചായത്ത് അംഗം സോണിയ വേലായുധൻ, സിപിഐ എം ലോക്കൽ സെക്രട്ടറി എൻ വി ശിവദാസൻ എന്നിവർ സംസാരിച്ചു. ജില്ലാ ട്രൈബൽ ഓഫീസർ എം മല്ലിക സ്വാഗതവും ട്രൈബൽ ഓഫീസർ എ ബാബു നന്ദിയും പറഞ്ഞു.

No comments