Breaking News

കുരുന്നു കൈകളിൽ ഓലക്കളിപ്പാട്ടങ്ങളുമായി നാട്ടക്കൽ സ്ക്കൂളിൽ പരിസ്ഥിതി സൗഹൃദ പ്രവേശനോത്സവം


നാട്ടക്കൽ : ഉല്ലാസഭരിതമായ വേനലവധിക്ക് ശേഷം അക്ഷരമുറ്റത്തെത്തിയ നാട്ടക്കൽ എ എൽ പി സ്കൂളിലെ കുരുന്നുകളെ വരവേറ്റത്  പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങൾ നൽകിയും പാഠപുസ്തകങ്ങളിലെ ഇഷ്ട കഥാപാത്രങ്ങളെ ഒരുക്കിക്കൊണ്ടുള്ള സെൽഫി കോർണർ തയ്യാറാക്കിയും.

പഴയകാലത്തെ  ഓർമ്മ പുതുക്കിക്കൊണ്ട് ഓലകൾ കൊണ്ട് നിർമ്മിച്ച കണ്ണട, പാമ്പ്,തിരിപ്പട്ടം, വാച്ച്, പക്ഷികൾ, പന്ത് തുടങ്ങി പ്രകൃതി സൗഹൃദവും കൗതുകകരവുമായ കളിപ്പാട്ടങ്ങളാണ് നവാഗതർക്ക് നിർമ്മിച്ചു നൽകിയത്.

കുട്ടികളും രക്ഷിതാക്കളും ചേർന്ന് സെൽഫി പോയിന്റിൽ നിന്ന് ഫോട്ടോയും എടുത്തു. കൂടാതെ കുട, പഠനോപകരണ ങ്ങൾ അടങ്ങിയ സമ്മാനപ്പെട്ടി, ഉച്ചഭക്ഷണ പാത്രം, മധുരപലഹാരങ്ങൾ എന്നിവയും വിതരണം ചെയ്തു.

വെസ്റ്റ് എളേരി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് രാകേഷ് ടി അധ്യക്ഷനായി. മദർ പിടിഎ പ്രസിഡണ്ട് രഞ്ജിനി മനോജ്, എസ് എം സി ചെയർമാൻ അനിൽകുമാർ എന്നിവർ സംസാരിച്ചു.

ഹെഡ്മിസ്ട്രസ്സ് വിജയകുമാരി കെ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ജയലളിത പി കെ നന്ദിയും പറഞ്ഞു.

No comments