Breaking News

വീണുകിട്ടിയ 10 പവൻ സ്വർണഭരണങ്ങൾ ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മാതൃകയായി പാലാവയൽ സ്വദേശി ബിനോയി


പാലാവയൽ: സത്യസന്ധതയ്ക്ക് മാതൃകയാവുകയാണ് പാലാവയൽ ചാവറഗിരിയിലെ ബിനോയി ചക്കാലയിൽ. തനിക്ക് റോഡിൽ നിന്നും വീണുകിട്ടിയ 10 പവൻ സ്വർണഭരണങ്ങൾ ഉടമസ്ഥനെ തിരിച്ചേൽപിച്ചാണ് ബിനോയി മാതൃകാ പ്രവർത്തനം നടത്തിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. മലാങ്കടവ് കുണ്ടാരത്തെ റിട്ട. പോലീസ് ഓഫീസർ ആന്റണി കാരിക്കകുന്നേലിന്റേതായിരുന്നു സ്വർണം. ബാങ്കിൽ പണയം വെയ്ക്കുന്നതിനായി സ്വർണവുമായി യാത്ര ചെയ്യുന്നതിനിടയിൽ നഷ്ടപ്പെടുകയായിരുന്നു.

പാലാവയലിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിനോയി റോഡരിൽ കടലാസുപൊതിയിൽ എന്തോ തിളങ്ങുന്നതായി കണ്ടു. ബൈക്ക് നിർത്തി പരിശോധിച്ചപ്പോൾ ആഭരണങ്ങൾ ആണെന്നു മനസിലായി. പിന്നീട് ജ്വല്ലറിയിലെത്തി സ്വർണമാണെന്ന് ഉറപ്പിച്ച ശേഷം ചവറഗിരി വിശുദ്ധ ചാവറ കുര്യാക്കോസ്  ഏലിയാസ് ദേവാലയ വികാരി ഫാ. സുബേഷ് ഒടിയത്തിങ്കലിനെ വിവരം അറിയിച്ചു. പിന്നീട് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ ഇക്കാര്യം അറിയിച്ചു.

ഇതോടെ ഉടമസ്ഥൻ ബിനോയിയെ വിളിക്കുകയും ചെയ്തു. പിന്നീട് പള്ളിയിലെത്തി ബിനോയിയുടേയും ചക്കാലയിൽ സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ഫാ. സുബേഷ് സ്വർണാഭരണങ്ങൾ ഉടമസ്ഥന് കൈമാറുകയും ചെയ്തു. 

റബർ ടാപ്പിംഗ് തൊഴിലാളിയായ ബിനോയിയുടെ സത്യസന്ധതയെ അഭിനന്ദിക്കുകയാണ് ഏവരും. പ്രതിഫലം നൽകാൻ ശ്രമിച്ച ഉടമസ്ഥനോട് പ്രാർഥനയിൽ തന്നെ ഓർത്താൽ മാത്രം മതിയെന്നായിരുന്നു ബിനോയിയുടെ പ്രതികരണം. 

മോളിയാണ് ബിനോയിയുടെ ഭാര്യ. ബിനിറ്റ, ബിനോൾഡ് എന്നിവർ മക്കളാണ്. ബിനോയിക്ക് ഉചിതമായ അനുമോദനം നൽകാനുള്ള ഒരുക്കത്തിലാണ് ചാവറഗിരി ഇടവകാ വികാരിയും ഇടവകാംഗങ്ങളും സുഹൃത്തുക്കളും.


No comments