മൂളിയാറിൽ മയക്കുമരുന്ന് നൽകി പീഡനം ലീഗ് പഞ്ചായത്തംഗവും പിടിയിൽ
ബോവിക്കാനം : മുളിയാർ പൊവ്വലിൽ എംഡിഎംഎ നൽകി വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുളിയാർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗവും മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ എസ് കെ മുഹമ്മദ് കുഞ്ഞിയും പിടിയിൽ.
കഴിഞ്ഞ മാസം 20 ന് പൊവ്വലിലെ അമ്മയും മകനും കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് ലീഗ് നേതാവിന്റെയും അണികളുടെയും പീഡനങ്ങൾ പുറത്തറിയുന്നത്.
രണ്ട് പരാതിയിൽ ആറുപേരെ പ്രതി ചേർത്ത കേസിൽ ഒളിവിൽ കഴിഞ്ഞ നാലുപേരെ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്‌തിരുന്നു. മുഹമ്മദ് ഹനീഫ് എന്ന അനീച്ചു, അബ്ദുൽ ഷെഫീക് എന്ന അക്തർ, തൈസീർ, പൊവ്വലിലെ മെഹ്‌റൂഫ് എന്നിവരാണ് പിടിയിലായത്.
ഇതിനിടയിലാണ് കുട്ടിയുടെ മൊഴി എതിരായതോടെ എസ് കെ മുഹമ്മദ് കുഞ്ഞി മുങ്ങിയത്. കോടതിയിലും കുട്ടി മൊഴി ആവർത്തിച്ചതോടെ ലീഗ് നേതൃത്വം ഇയാളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് ജൂൺ അഞ്ചിന് ഹൈക്കോടതിൽ മുൻകൂർ ജാമ്യപേക്ഷ നൽകി. എന്നാൽ പൊലീസിന്റെ റിപ്പോർട്ടും മൊഴികളും അംഗീകരിച്ച കോടതി ജാമ്യം തള്ളി. ആരോഗ്യ പ്രശ്നമുണ്ടെന്നും ഒരാഴ്ച സമയം വേണമെന്നുമായി അടുത്ത ആവശ്യം. ഇത് കോടതി അംഗീകരിച്ചു. ചൊവ്വ പകൽ പത്തോടെ സ്റ്റേഷനിൽ എത്തിയ ഉടൻ ആദൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈകിട്ട് ആറിന് കാസർകോട് സിജെഎം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള മറ്റൊരു പ്രതി പൊവ്വലിലെ ദിൽഷാദ് ഗൾഫിലാണ്.
രണ്ടാം പ്രതി കസ്റ്റഡിയിൽ
കൂടുതൽ അന്വേഷങ്ങൾക്കും തെളിവുകൾ ശേഖരിക്കുന്നതിനുമായി, എസ് കെ മുഹമ്മദ് കുഞ്ഞിയുടെ സഹായിയും രണ്ടാം പ്രതിയുമായ പൊവ്വലിലെ തൈസീറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ചൊവ്വ പകൽ പൊവ്വലിലെ വീട്ടിലും പരിസര പ്രദേശത്തും തെളിവെടുപ്പ് നടത്തി. ബാക്കിയുള്ളവർ റിമാൻഡിലാണ്. തൈസീറിനെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. എംഡിഎംഎ നൽകി കുട്ടികളെ അടിമയാക്കിയ ശേഷം മുഹമ്മദ് കുഞ്ഞിക്ക് എത്തിച്ചുനൽകിയത് തൈസീർ ആണെന്ന് പറയുന്നു.
ആദൂർ എസ്എച്ച്ഓ എ അനിൽകുമാർ, സിപിഓമാരായ അജയ് വിത്സൻ, ചന്ദ്രൻ, സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ആദൂർ എസ്എച്ച്ഓ എ അനിൽകുമാർ, സിപിഓമാരായ അജയ് വിത്സൻ, ചന്ദ്രൻ, സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പീഡനം വീട്ടിൽനിന്ന് വിളിച്ചിറക്കി
കുട്ടികൾക്ക് ആദ്യം എംഡിഎംഎ സൗജന്യമായി നൽകിയാണ് വലയിലാക്കിയത്. പിന്നീട് പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് അറിയിച്ചപ്പോൾ രാത്രി 11ന് ശേഷം, വീട്ടിൽ നിന്ന് വിളിച്ചിറക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ചൈൽഡ് ലൈൻ പ്രവർത്തകരും ആദൂർ പൊലീസ് അന്വേഷണ സംഘവും നടത്തിയ തെളിവെടുപ്പിൽ കൂടുതൽ ആളുകൾ കുട്ടിയെ പീഡിപ്പിച്ച വിവരവും പുറത്തായി. അതോടെ ലീഗ് ഉദുമ മണ്ഡലം നേതാവും വാർഡംഗവുമായ നേതാവും അണികളും കൂട്ടത്തോടെ ഒളിവിൽ പോകുകയായിരുന്നു.
No comments