Breaking News

റേഷൻകടയിൽ പച്ചരി മാത്രം.... ആദിവാസി ക്ഷേമസമിതി എളേരി ഏരിയ കമ്മിറ്റി വെള്ളരിക്കുണ്ട് സപ്ലൈ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്‌ : ആദിവാസി മേഖല ഏറെയുള്ള വെള്ളരിക്കുണ്ട്‌ താലൂക്കിൽ റേഷൻ കടകളിൽ പച്ചരി മാത്രമാണ്‌ ഏറെയെന്ന്‌ പരാതി. പഞ്ഞമാസത്തിൽ റേഷനരി മാത്രം ആശയിക്കുന്ന ആദിവാസി മേഖലയിൽ ഇതുണ്ടാകുന്ന ബുദ്ധിമുട്ട്‌ ഏറെയാണ്‌. 

പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ യോജന പ്രകാരം ജില്ലയിലെത്തിയ പച്ചരി മുഴുവൻ കെട്ടിക്കിടക്കുകയാണ്‌. പദ്ധതി ഇപ്പോൾ നിലവിലില്ല. കെട്ടിക്കിടക്കുന്ന ഈ അരി വിതരണം ചെയ്യാനാണ്‌ കേന്ദ്ര നിർദേശം. വെള്ളരിക്കുണ്ട്‌ താലൂക്കിൽ 45 ലോഡ്‌ പച്ചരിയാണ്‌ ഇങ്ങനെയുള്ളത്‌. ഇത്‌ തീർക്കാൻ മൊത്തം പച്ചരിയാണ്‌ കടയിലൂടെ കൊടുക്കുന്നത്‌. മഞ്ഞക്കാർഡിന്‌ 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പുമാണ്‌ നൽകുന്നത്‌. ഈ 30 കിലോയിൽ ഇരുപത്തിയഞ്ചും  ഇപ്പൊൾ പച്ചരിയാണ്‌. മൂന്നുമാസത്തിലധികമായി വെള്ളരിക്കുണ്ട്‌ താലൂക്കിൽ ഇതാവണസ്ഥയെന്ന്‌ കടയിലെത്തുന്നവർ പറയുന്നു. 
മഴക്കാലത്ത്‌ പണിയൊന്നുമില്ലാത്ത അവസ്ഥയിൽ പച്ചരി മാത്രം കിട്ടുന്നത്‌ പ്രതിസന്ധിയാകുമെന്നും ഇവർ പരാതിപ്പെടുന്നു. 
ഈ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കടയിൽ എത്തുന്നവർ കൂടുതലും പുഴക്കലരിയാണ്‌ ആവശ്യപ്പെടുന്നത്‌. ഇ പോസ്‌ മെഷീനിൽ കോമ്പിനേഷൻ ബില്ലിങ്‌ സൗകര്യമുള്ളതിനാൽ റേഷൻ വ്യാപാരികൾ, ആദ്യമെത്തുന്നവർക്ക്‌ ചോദിച്ചത്ര പുഴുക്കലരി നൽകുന്നു. ഇതോടെ പച്ചരി ബാക്കിയാകുന്നതാണ്‌ പ്രശ്‌നം. കാസർകോട്‌, മഞ്ചേശ്വരം താലൂക്കുകളിൽ ഈ പ്രശ്‌നമില്ല. കാഞ്ഞങ്ങാട്‌, വെള്ളരിക്കുണ്ട്‌ താലൂക്കുകളിൽ പ്രശ്‌നം പരിഹരിക്കാൻ ഇടപെടും. ക്വാട്ട പ്രകാരമുള്ള അരി  നൽകണമെന്ന്‌ കർശന നിർദേശം നൽകുമെന്നും ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. 
വെള്ളരിക്കുണ്ടിൽ എകെഎസ്‌ 
പ്രതിഷേധം
 വെള്ളരിക്കുണ്ട്
റേഷൻകടയിൽ പച്ചരി മാത്രം നൽകുന്ന കേന്ദ്രം നയം തിരുത്തുക, മുമ്പ് നൽകുന്ന അളവിൽ തന്നെ പുഴുക്കലരി നൽകുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ആദിവാസി ക്ഷേമസമിതി എളേരി ഏരിയ കമ്മിറ്റി വെള്ളരിക്കുണ്ട് സപ്ലൈ ഓഫീസിലേക്ക്  മാർച്ച് സംഘടിപ്പിച്ചു.
വെള്ളരിക്കുണ്ട് ടൗണിൽ നിന്നാരംഭിച്ച പ്രകടനം സപ്ലൈ ഓഫീസിന് മുമ്പിൽ, വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ്‌ തടഞ്ഞു. ഓഫീസിന് മുമ്പിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റിയംഗം സി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ വി രാജേഷ് അധ്യക്ഷനായി. എകെഎസ് ജില്ല സെക്രട്ടറി അശോകൻ കുന്നൂച്ചി, കെഎസ്‌കെടിയു ഏരിയാസെക്രട്ടറി എം ജി രാമചന്ദ്രൻ, എകെഎസ് ജില്ല ജോയിന്റ് സെക്രട്ടറി കെ അപ്പുക്കുട്ടൻ, ജില്ലാകമ്മിറ്റിയംഗം എം ബി രാഘവൻ, സി വി അഖില, എൻ ടി ബിജു, രാജേഷ് മണിയറ, മനോജ് ബളാൽ എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി പാട്ടത്തിൽ രാഘവൻ സ്വാഗതം പറഞ്ഞു. 


No comments