Breaking News

ജില്ലയിൽ 652 ബിപിഎൽ കാർഡ്‌ പിടിച്ചു; അർഹർക്ക്‌ നൽകി വെള്ളരിക്കുണ്ട്, കാസർകോട് താലൂക്കുകളിലെ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കും


വെള്ളരിക്കുണ്ട് : ജില്ലയിൽ 652 അർഹതയില്ലാത്ത എഎവൈ, പിഎസ്എച്ച് കാർഡുകൾ പിടിച്ചെടുത്ത് അർഹർക്ക്‌ കൈമാറി. ദാരിദ്രരേഖക്കും താഴെയുള്ളവർക്ക്‌ നൽകുന്ന തരം കാർഡും മുൻഗണനാ വിഭാഗത്തിന്‌ നൽകുന്ന കാർഡുമാണിത്‌. പ്രത്യേക പരിശോധന നടത്തി കൂടുതൽ അർഹതയില്ലാത്ത കാർഡുകൾ കണ്ടെത്തി അവ അർഹരായവരുടെ കൈകളിൽ എത്തിക്കണമെന്ന് കലക്ടർ കെ ഇമ്പശേഖർ കലക്ടറേറ്റിൽ ചേർന്ന വിജിലൻസ്‌ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു.
ജില്ലയിലെ മുഴുവൻ കടത്തിണ്ണയിൽ കിടക്കുന്നവർക്കും അതിദരിദ്രർക്കും മുൻഗണനാ കർഡ് വിതരണം ചെയ്തു കഴിഞ്ഞതായി യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ ഇൻചാർജ്‌ കെ പി സജിമോൻ അറിയിച്ചു. വെള്ളരിക്കുണ്ട്, കാസർകോട് താലൂക്കുകളിലെ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം എം വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സപ്ലൈ ഓഫീസർമാരായ കെ വി ദിനേശൻ, കെ എൻ ബിന്ദു, വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

ഊരിലേക്ക്‌ അരിപ്പൊടിയെത്തും

കാസർകോട് : ‌ആദിവാസി ഊരുകളിലേക്ക് മൂന്ന് മാസത്തിനകം റേഷൻകടകളിലൂടെ അരിപ്പൊടി വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം എം വിജയലക്ഷ്മി പറഞ്ഞു. ഊരുകളിൽ പച്ചരി ഉപയോഗിക്കുന്നത് വളരെ കുറവാണെന്ന് കണ്ടെത്തിയതോടെയാണ് അരിപ്പൊടി വിതരണം ചെയ്യുന്നത്‌.
റേഷൻ കാർഡുകളിൽ ലഭിക്കുന്ന ആട്ട പൊടിക്ക് പകരം റാഗിപ്പൊടി വിതരണം ചെയ്ത് തുടങ്ങും. ഊരുകളിൽ റേഷൻ കാർഡില്ലാത്തവരെ കണ്ടെത്തി കാർഡ് ഉടമകളാക്കണം. പച്ചരി കൂടുതലായി ലഭിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയിൽ രണ്ട് മാസത്തിനകം പ്രശ്‌നത്തിന് പരിഹാരമാകും.
ഫോർട്ടിഫൈഡ് റൈസ് സംബന്ധിച്ച് നടക്കുന്നത്‌ കുപ്രചരണമാണ്‌. കുട്ടികൾക്ക് ഏറ്റവും ആവശ്യമുള്ള സിങ്ക്, മെഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ അരി പാചകം ചെയ്യുന്ന രീതി സംബന്ധിച്ച് സ്‌കൂൾ, അങ്കണവാടി പ്രവർത്തകർക്ക് പരിശീലനം നൽകുമെന്നും അവർ പറഞ്ഞു.


No comments