Breaking News

വ്യാജ രേഖ: കെ.വിദ്യ ഒളിവിൽ തന്നെ, അഗളി പൊലീസ് ഇന്ന് തൃക്കരിപ്പൂരും കരിന്തളത്തുംമെത്തി തെളിവെടുക്കും


കൊച്ചി: വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ ഒളിവിൽ തന്നെ. അഗളി പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും.പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും. മാർക്ക്‍ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണമാരംഭിക്കും.

കെ. വിദ്യ വ്യാജ രേഖ സമർപ്പിച്ച കേസിൽ അന്വേഷണങ്ങൾക്കായി അഗളി പൊലീസ് ഇന്ന് കാസർകോട് എത്തും. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തുക. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. വ്യാജരേഖ സമർപ്പിച്ച് ഗസ്റ്റ് ലക്ചററായി വിദ്യ ഒരു വർഷം ജോലിചെയ്ത കരിന്തളം ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലും പൊലീസ് സംഘമെത്തി പ്രിൻസിപ്പൽ ഇൻ ചാർജ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.

അതേസമയം, നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കരിന്തളം ഗവൺമെൻറ് കോളേജിലെ മുൻ പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താനാണ് നീലേശ്വരം പൊലീസിന്റെ തീരുമാനം. മഹാരാജാസ് കോളേജ് അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും

No comments