Breaking News

ജില്ലയിൽ 19,406 
പ്ലസ്‌ വൺ അപേക്ഷകർ മാതൃകാ അലോട്ടുമെന്റ്‌ 13ന്‌ നടക്കും


കാസർകോട്‌ : പ്ലസ്‌ വണ്ണിന്റെ ഓൺലൈൻ ഏകജാലകം അപേക്ഷ സമയം കഴിഞ്ഞപ്പോൾ ജില്ലയിൽ 19,906 അപേക്ഷകർ. മാതൃകാ അലോട്ടുമെന്റ്‌ 13ന്‌ നടക്കും. റഗുലർ എസ്‌എസ്‌എൽസി പരീക്ഷയെഴുതിയ 17,687 പേർ ജില്ലയിൽ അപേക്ഷിച്ചിട്ടുണ്ട്‌. ജില്ലയിൽ റഗുലർ പരീക്ഷയെഴുതി 19,466 പേരാണ്‌ ഉപരിപഠനത്തിന് അർഹരായത്‌.
സിബിഎസ്‌ഇ അപേക്ഷകർ: 1068, ഐസിഎസ്‌ഇ: 50, മറ്റുസ്‌കീം അപേക്ഷകർ: 601, ഇതരജില്ലയിൽ നിന്നുള്ള അപേക്ഷകർ: 737, സ്‌പോർട്‌സ ക്വാട്ട അപേക്ഷകർ: 162 എന്നിങ്ങനെയാണ്‌ കണക്ക്‌. വിഎച്ച്‌എസ്‌ഇ അപേക്ഷകർ ഈ കണക്കിൽ വരില്ല.
കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം 108 ഹയർസെക്കൻഡറി സ്‌കൂളുകളിലായി 14,250 പ്ലസ് വൺ സീറ്റാണ് ജില്ലയിലുള്ളത്. സർക്കാർ സ്‌കൂളുകളിൽ 8,550 സീറ്റും എയ്ഡഡ്‌ സ്‌കൂളുകളിൽ 3,650, അൺഎയ്ഡഡ് മേഖലയിൽ 2,050 സീറ്റും. ഇതിൽ മന്ത്രിസഭ അംഗീകരിച്ച വർധനപ്രകാരം സർക്കാർ സീറ്റുകളിൽ 30ശതമാനം വർധനയും (2565), എയിഡഡ് സ്‌കൂളിൽ 20 ശതമാനം (730) വർധനയും ശേഷം ആവശ്യപ്പെടുന്ന എയിഡഡ് സ്‌കൂളുകളിൽ 10 ശതമാനം (365) വർധനയും നടപ്പായാൽ ജില്ലയിൽ മൊത്തം പതിനെട്ടായിരത്തോളം സീറ്റുണ്ടാവും.
പ്ലസ്‌ വൺ ഓൺലൈൻ അപേക്ഷ പ്രകാരം ശേഷിക്കുന്നത്‌ 1500 കുട്ടികൾ മാത്രമാണ്‌. ഇവർക്ക്‌ ഏഴ്‌ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (മൊത്തം 700 സീറ്റ്‌), രണ്ട്‌ ടെക്‌നിക്കൽ സ്‌കൂൾ, 14 ഐടിഐ, മൂന്ന്‌ പോളിടെക്‌നിക്ക്‌, നവോദയ ലാറ്ററൽ എൻട്രി എന്നിവയിലായി മൂവായിരത്തോളം സീറ്റുകളുണ്ട്‌. ഇതോടൊപ്പം തൊഴിലധിഷ്‌ഠിത കോഴ്‌സ്‌ പഠിപ്പിക്കുന്ന ഉദുമയിലെ ഫുഡ്‌ ക്രാഫ്‌റ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പോലുള്ളവ വേറെയും. ഏതാണ്ട്‌ പത്തുശതമാനം കുട്ടികൾ എൻട്രൻസ്‌ പരിശീലനത്തിനും മറ്റുമായി ഇതര ജില്ലകളിലേക്കും മംഗളൂരുവിലേക്കും പോകുന്നുമുണ്ട്‌.


No comments