Breaking News

അമ്മത്തണൽ ; ചായ്യോത്ത് ഗവ. ഹയർസെക്കൻഡറിയിൽ ‘മാകെയർ' ഷോപ്പ്‌ ആരംഭിച്ചു


നീലേശ്വരം : വീട്ടിൽ മാത്രമല്ല കുട്ടികൾക്ക്‌ കരുതലുമായി അമ്മമാർ സ്‌കൂളിലുമെത്തിയാലോ. ഇടവേളകളിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തുപോകാതെ സ്‌കൂളിൽതന്നെ കുട്ടികൾക്ക്‌ തുണയായി ‘മാ കെയർ’ ഷോപ്പ്‌ തുടങ്ങിയിരിക്കുകയാണ്‌ ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ. കുട്ടികൾക്കാവശ്യമായ മുഴുവൻ സാധനങ്ങളും സ്‌കൂൾ വളപ്പിൽതന്നെ ലഭ്യമാകുന്ന പദ്ധതിയാണ്‌ അമ്മമാരുടെ നേതൃത്വത്തിൽ തുടങ്ങിയത്‌.
സാനിറ്ററി പാഡ് മുതൽ ലഘുഭക്ഷണംവരെ ഇവിടെനിന്ന് കിട്ടും. ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡുകളൊന്നും ലഭിക്കില്ല.
 ക്യാമ്പസിന്‌ പുറത്ത് വിദ്യാർഥികൾക്ക്‌ കെണിയൊരുക്കുന്ന ലഹരി മാഫിയയുടെ വലയിൽപ്പെടാതെ തണലൊരുക്കുക എന്ന ലക്ഷ്യംകൂടി പദ്ധതിക്കുണ്ട്‌. ജില്ലാ കുടുംബശ്രീ മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി പിടിഎയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
പൊലീസ്, എക്സൈസ് വകുപ്പുകളും സഹായത്തിനായുണ്ട്. ജില്ലയിൽ സർക്കാർ സ്കൂളിൽ കൂടുതൽ കുട്ടികൾ പഠിക്കുന്നതും ചായ്യോത്താണ്‌.
ജില്ലയിൽ ആദ്യത്തെ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പിലാക്കിയ സ്‌കൂളും ചായ്യോത്താണ്‌. മൂന്ന് വലിയ പ്ലാന്റുകൾ സ്ഥാപിച്ച് മുഴുവൻ ബ്ലോക്കിലും കുടിവെള്ള പോയിന്റ്‌ ഒരുക്കി. 2500 കുട്ടികൾക്കുള്ള ശുദ്ധജലം ഇതിലൂടെ എത്തിക്കുന്നു. പൂർണമായും ശുദ്ധീകരിച്ച കുടിവെള്ളമാണ് നൽകുന്നത്.


No comments