Breaking News

ആശുപത്രികളിലെ ഒഴിവുകൾ നികത്തണം: മന്ത്രിക്ക് എംഎൽഎ നിവേദനം നൽകി ജില്ലാആശുപത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി ഉൾപ്പെടെ 160 ലേറെ ഒഴിവുകളാണുള്ളത്


കാഞ്ഞങ്ങാട് : ജില്ലയിലെ ആശുപത്രികളിലെ ഒഴിവുകൾ നികത്താൻ അടിയന്തിരനടപടി ആവശ്യപ്പെട്ട് ഇ ചന്ദ്രശേഖരൻ എംഎൽഎ ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി.
ജില്ലാആശുപത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി ഉൾപ്പെടെ 160 ലേറെ ഒഴിവുകളാണുള്ളത്. പനിയും മറ്റ് പകർച്ച വ്യാധികളും പടരുമ്പോൾ പ്രത്യേക പരിഗണന നൽകണമെന്നാണ് ആവശ്യം.
ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനും ആർഎംഒയും ഉൾപ്പെടെ സ്ഥലം മാറി പോയത് ഏറെ പ്രയാസമാണുണ്ടാക്കിയത്. ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും സ്ഥലം മാറ്റം ലഭിച്ചു പോകുന്നതായി അറിയുന്നെന്നും നിവേദനത്തിൽ സൂചിപ്പിച്ചു. ആയതിനാൽ ആരോഗ്യരംഗത്ത് ഏറ്റവും പരിമിതികൾ ഉള്ള ജില്ലകളിൽ ഒന്ന് എന്നത് പരിഗണിച്ച് ജില്ലയിലെ ഒഴിവുകൾ അടിയന്തിരമായി നികത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
50 ലേറെ ഡോക്ടർമാരുടെ ഒഴിവാണ് ജില്ലയിലുള്ളത്. ഇതിൽ 40 ഓളം ഒഴിവ് അസി സർജ്ജന്മാരുടേതാണ്. സ്പെഷ്യാലിറ്റി ഡോക്ടമാരുടേതാണ് ബാക്കിയുള്ളത്. ജില്ലാ ആശുപത്രിയിൽ ഹൃദ്രോരോഗ വിദഗ്ധയും സ്ഥലം മാറിപ്പോയി. ഡോക്ടർമാരുടെ കുറവ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തതാണ് എന്നിട്ടും നിയമനം നടത്താൻ തയ്യാറായിട്ടില്ല.
സർക്കാർ ആശുപത്രികളിലെ 25 ലധികം നഴ്സുമാർക്ക് സ്ഥലമാറ്റ ഉത്തരവ് കിട്ടി. ഇവിടെനിന്ന് സ്ഥലം മാറി പോകുന്നതിനനുസരിച്ച് പകരക്കാരെത്തുന്നില്ല. 12 ഒഴിവുകൾ നേരത്തെയുണ്ട്. വർഷങ്ങൾക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേണാണ് പലയിടത്തും ഉള്ളത്. മുഴുവൻ ഒഴിവുകളും നികത്തിയാൽപോലും നഴ്സുമാരുടെ കുറവ് പരിഹിക്കാൻ സാധിക്കില്ല എന്നിരിക്കെയാണ് ഉള്ളവരെ മാറ്റുന്നത്. ജില്ലയിൽ ജൂനിയൽ പബ്ലിക്ക് ഹെൽത്ത് നേഴ്സുമാരുടെ 92 ഒഴിവുകളാണ് നിലവിലുള്ളത്. 40 ഒഴിവ് പിഎസ്എസിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളത് സ്ഥാന കയറ്റം ലഭിക്കുന്നവർക്ക് നൽകാൻ മാറ്റിവെച്ചിരിക്കുകയാണ്. നാല് ലാബ് ടെക്നീഷ്യൻമാരുടയും മൂന്ന് ഫാർമസിസ്റ്റിന്റെയും ഒഴിവുകൾ നിലവിലുണ്ട്. ഇതെല്ലാം ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളെ സാരമായാണ്‌ ബാധിക്കുന്നത്.


No comments