Breaking News

ചന്ദ്രയാനിൽ 
നീലേശ്വരത്തിന്റെ കൈയൊപ്പും ദൗത്യത്തിൽ പങ്കെടുത്ത ശസ്ത്രജ്ഞൻ വി സനോജ് പടന്നക്കാട് സ്വദേശിയാണ്


നീലേശ്വരം : ചാന്ദ്രയാൻ മൂന്ന് വിജയകരമായി വിക്ഷേപിച്ചപ്പോൾ അതിൽ നീലേശ്വരത്തിന്റെ കൈയൊപ്പും. ദൗത്യത്തില്‍ പങ്കെടുത്ത ശസ്ത്രജ്ഞൻ വി സനോജ് പടന്നക്കാട് ബാങ്ക്‌ റോഡ്‌ സ്വദേശിയാണ്. പടന്നക്കാട് നാരയണന്‍ കാരണവരുടെയും പി വി ലക്ഷ്മിയുടെയും മകൻ.
തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ കോളേജിൽ നിന്നും എൻജിനിറിങ്‌ ബിരുദവും തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങിൽ ബിരുദാനന്ത ബിരുദവും പൂർത്തിയാക്കിയ ശേഷം 2010 മുതല്‍ ഐഎസ്ആര്‍ഒയിൽ ജോലി ചെയ്യുകയാണ്‌. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് വികസിപ്പിക്കുന്നതിൽ സനോജും മികച്ച പങ്കുവഹിച്ചു.
റോക്കറ്റ്‌ ഭാഗങ്ങൾ കൂട്ടി യോജിപ്പിക്കുന്നതിലും പറന്നുയരുന്ന സമയത്ത്‌ വിച്ഛേദിക്കുന്ന വിഭാഗത്തിലുമാണ് (സാറ്റലൈറ്റ് ഇന്റഗ്രേഷന്‍ ആന്‍ഡ് സെപറേഷന്‍) പ്രവർത്തിച്ചത്‌.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന്‌ ടീമിലാണ്‌ ഇപ്പോൾ പ്രവർത്തിക്കുന്നത്‌. എയറനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ആസ്ട്രനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യുഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ്, സിസ്റ്റംസ് സൊസൈറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനയിൽ അംഗമാണ്. തിരുവനന്തപുരം പേട്ടയിലാണ് താമസം. ഭാര്യ: സുജ, മക്കള്‍: ആഗ്നേയ്, ആരുഷ്


No comments