Breaking News

നെല്ലിപ്പാറ, ചെറുപുഴ മേഖലയിലെ 'ബ്ലാക്ക്മാൻ' സാമൂഹ്യവിരുദ്ധ സൃഷ്ടി; കർശന നടപടിക്ക് പോലീസ്


ചെറുപുഴ : നെല്ലിപ്പാറ, ചെറുപുഴ മേഖലകളിൽ ജനങ്ങൾക്കിടയിൽ ഭീതിപരത്തിയ 'ബ്ലാക്ക്മാൻ' സാമൂഹ്യവിരുദ്ധരുടെ സൃഷ്ടിയാണെന്ന് പോലീസിന് സൂചന ലഭിച്ചു.  

ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് ഒരുങ്ങുകയാണ്. വീടിന്റെ കതകിന് മുട്ടുക, പുറത്ത് ഉണങ്ങാനിടുന്ന വസ്ത്രങ്ങൾ കസേരയിൽ മടക്കിവെക്കുക, അതിന്മേൽ ബിയർ കുപ്പി വെക്കുക തുടങ്ങിയ ഇടപാടുകൾ നടത്തിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്. 'ബ്ലാക്ക് മാൻ' ആണ് സംഭവത്തിന് പിറകിലെന്ന് പ്രചാരണവും നടന്നു.

ഇതേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സാമൂഹ്യ വിരുദ്ധ സംഘങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. സമീപ കാലത്തായി മലയോര പ്രദേശത്ത് സജീവമായ ചൂതാട്ട സംഘങ്ങൾ, നായാട്ട് സംഘം, മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവർ, വ്യാജമദ്യ സംഘം തുടങ്ങിയവരാണ് ജനങ്ങളെ ഭീതിയിലാഴ്ത്താൻ കഥകൾ മെനയുന്നതെന്നാണ് സൂചന. കോടോപ്പള്ളി മേഖലയെയായിരുന്നുആദ്യം ഭീതിയിലാഴ്ത്തിയത്. അതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ അസാന്മാർഗിക സംഘമാണ് ഇതിന് പിറകിലെന്ന് കണ്ടെത്തിയിരുന്നു.

പോലീസ് കാര്യങ്ങൾ മനസിലാക്കിയെന്ന് വ്യക്തമായതോടെ സാമൂഹ്യവിരുദ്ധർ പത്തിമടക്കിയിരുന്നു. പിന്നീട് പ്രാപ്പൊയിലിൽ മാവോയിസ്റ്റ് സംഘം എത്തിയെന്ന നിലയിൽ പ്രചരണം നടന്നിരുന്നു. അതിന് പിറകിൽ നായാട്ടുസംഘമായിരുന്നു. 

പോലീസ് കാര്യങ്ങൾ മനസിലാക്കിയെന്നറിഞ്ഞതോടെ ഈ സംഘവും പിൻമാറുകയായിരുന്നു.

സംഭവവുമായി ബന്ധമില്ലെങ്കിലും കുറച്ചുപേർ ഈ സന്ദർഭം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഉപയോഗിക്കുന്നുണ്ട്. ബ്ലാക്ക്മാനെ പിടികൂടാൻ എന്ന പേരിലാണ് ഇവർ പുറത്തിറങ്ങുന്നത്. അനാവശ്യ ഭീതി സൃഷ്ടിക്കുന്നവർക്കതിരെ കർശന നടപടിയെടുക്കാൻ പോലീസ് ഒരുങ്ങുകയാണ്. ചില വീടുകളിൽ നടന്ന സംഭവങ്ങളുടെ നിജസ്ഥിതിയും പോലീസ് അന്വേഷിക്കുന്നുണ്ട്. പുറത്ത് വരുന്ന വാർത്തകൾ പലതും ശരിയല്ലെന്ന നിലപാടിലാണ് പോലീസ്. ഓരോ സംഭവത്തിലും നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.

No comments