Breaking News

"വീട്ടിൽ ഒരു നാട്ടു മരം" പദ്ധതിക്ക് തുടക്കം കുറിച്ച് മാലോത്ത് കസബ എസ് പി സി യൂണിറ്റ്


വെള്ളരിക്കുണ്ട് : നാടൻ മരങ്ങളുടെ പ്രാധാന്യത്തെ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജി എച്ച്എസ്എസ് മാലോത്ത് കസബയിലെ എസ് പി സി യൂണിറ്റ് ആരംഭിച്ച ഒരു പരിസ്ഥിതി സംരക്ഷണ പ്രവർത്തിയാണ് വീട്ടിൽ ഒരു നാട്ടുമരം പദ്ധതി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തലമുറകളോളം നിലനിർത്തുന്നതിൽ നാടൻ മരങ്ങൾ  മുഖ്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് പരിപാടിയുടെ ഉദ്ഘാടനം നടത്തിയ ബളാൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ് നേടിയകാലായിൽ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളും, വീടും, ചുറ്റുപാടുകളുമായി വൈകാരികമായ ഒരു ബന്ധം സ്ഥാപിക്കുന്നതിന് ഇത്തരം പദ്ധതികൾ ഉപകാരപ്രദമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ റിട്ടയേഡ് ഐ ജി കെ വി മധുസൂദനൻ നായർ പറഞ്ഞു.

   കേഡറ്റുകൾ ശേഖരിച്ച കേരളത്തിലെ തനത് നാടൻ വൃക്ഷത്തൈകളുടെ ഒരു വിതരണ കേന്ദ്രവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ലോറൻസ് ജോസഫ്, ജാനു നാരായണൻ എന്നിവരെ ഈ ചടങ്ങിൽ ആദരിച്ചു.

       പിടിഎ പ്രസിഡണ്ട് സനോജ് മാത്യു ,എസ് എം സി ചെയർമാൻ ദിനേശൻ, എച്ച് എം ഇൻ ചാർജ് പ്രസാദ് എം കെ,സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് വി എൻ, എസ്പിസി ചാർജ് വാഹകരായ ജോജിത പി ജി സുഭാഷ് വൈ എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി..

No comments