Breaking News

അന്നംമുട്ടിച്ച് 'തൊപ്പി': കണ്ണൂർ സ്വദേശി സജിക്കുണ്ടായത് വൻ തൊഴിൽ നഷ്ടം, നിയമപോരാട്ടം തുടരുമെന്ന് പരാതിക്കാരൻ




കണ്ണൂർ: യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ നിയമപോരാട്ടം തുടരുമെന്ന് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി സജി. സജിയുടെ ഫോൺ നമ്പർ അശ്ലീല രീതിയിൽ പ്രചരിപ്പിച്ചെന്ന കേസിലാണ് കഴിഞ്ഞ ദിവസം തൊപ്പി അറസ്റ്റിലായത്. നിഹാദിനെ അനുകരിച്ച് അശ്ലീലം പറഞ്ഞ് വിളിക്കുന്നത് അധികവും കുട്ടികളാണെന്ന് സജി  പ്രതികരിച്ചു. ഫോൺ വിളി ശല്യമായതോടെ , സജിയുടെ ഉപജീവനം തന്നെ പ്രതിസന്ധിയിലായ സ്ഥിതിയാണ്. കേസിൽ അറസ്റ്റിലായ തൊപ്പിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. സജിയുടെ പരാതിയിൽ ഐടി ആക്ടിലെ അറുപത്തിയേഴാം വകുപ്പ് പ്രകാരമാണ് നിഹാദിനെതിരെ പൊലീസ് കേസെടുത്തത്.



കമ്പിവേലി നിർമിച്ച് നൽകുന്നയാളാണ് സജി. ഇദ്ദേഹം കണ്ണൂരിൽ ചെയ്ത ഒരു ജോലി സ്ഥലത്ത് പരസ്യബോർഡിൽ തന്റെ ഫോൺ നമ്പറടക്കം പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യം ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമടക്കം പങ്കുവെച്ചാണ് തൊപ്പി എന്ന നിഹാദ് ശല്യം ചെയ്തത്. നമ്പർ പരസ്യപ്പെടുത്തിയതോടെ 45 കോളുകൾ വരെ തന്റെ ഫോണിലേക്ക് ഒരു ദിവസം വരാറുണ്ടെന്ന് സജി പറഞ്ഞു.


'വിളിക്കുന്നത് അധികവും കുട്ടികളാണ്. തൊപ്പി ഉപയോഗിച്ചത് പോലെയുള്ള അസഭ്യവാക്കുകളാണ് തനിക്കെതിരെ ഉപയോഗിച്ചത്. ഇത് കേട്ടിട്ട് ഫോണെടുക്കാൻ പറ്റാത്ത സ്ഥിതിയായി. പിന്നീടാണ് എസ്പിക്ക് പരാതി നൽകിയത്. വിളിച്ചതിലധികവും 10-15 വയസ് പ്രായമുള്ള കുട്ടികളാണ്. ചില കുട്ടികൾ തൊപ്പിക്കെതിരെ കേസ് കൊടുത്തത് എന്തിനാണെന്ന് ചോദിച്ച് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു. തൊപ്പി പാവമാണെന്നും നല്ലയാളാണെന്നും ചിലർ പറഞ്ഞു. ഓരോ ദിവസവും വർക്കിന് വേണ്ടി വിളിച്ചയാളുകളെ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയാണ് ഇതിലൂടെ ഉണ്ടായത്. 17 കൊല്ലമായി താൻ ജോലിക്ക് വേണ്ടി ഉപയോഗിക്കുന്ന ഫോണാണ്. ഇതിലൂടെ 60 ശതമാനത്തോളം വർക്ക് കുറഞ്ഞു. നമ്പർ മാറ്റിയാൽ പിന്നെ ഞാൻ സീറോയാവും. എന്റെ വീട്ടിലും രണ്ട് കുട്ടികളുണ്ട്. അതിനേക്കാൾ ചെറിയ പ്രായത്തിലുള്ള കുട്ടികൾ വിളിച്ച് പറയുമ്പോൾ അവരുടെ അവസ്ഥയോർത്ത് കഷ്ടം തോന്നും. എങ്ങോട്ടാണ് ഇവരുടെ പോക്ക്? ഈ രീതിയിൽ ആരെയും ദ്രോഹിക്കരുത്. നേരിട്ട് ചീത്ത വിളിക്കുന്നത് പോലെയല്ല സോഷ്യൽമീഡിയയിൽ വീഡിയോ ഇടുന്നത്. അത് നാളെയും ആളുകൾക്ക് ലഭ്യമാകും. ,' - സജി പറഞ്ഞു.

No comments