Breaking News

തൃക്കരിപ്പൂർ ഇടയിലക്കാട് കാവ് ജൈവവവൈവിധ്യ പൈതൃക പദവി പ്രദേശമാക്കും നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം


രാജ്യത്തെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാനൊരുങ്ങി ഇടയിലക്കാട് കാവ്്. ഉത്തര കേരളത്തിലെ ഏറ്റവും വലിയ കാവുകളിലൊന്നായ ഇടയിലക്കാട് കാവ് ജൈവ വൈവിധ്യ പൈതൃക പ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിനായി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൈതൃക പദവി ലഭിക്കുന്നതോടെ കാവിലെ ജൈവവൈവിധ്യവും കാവിലെ ആചാരനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുകയും വിനോദസഞ്ചാര രംഗത്ത് കൂടുതല്‍ പ്രചാരം ലഭിക്കുകയും ചെയ്യും. പൈതൃക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ പ്രദേശമായിരിക്കും ഇടയിലക്കാട് കാവ്. കൊല്ലം ജില്ലയിലെ ആശ്രാമം കണ്ടല്‍ വനമാണ് സംസ്ഥാനത്തെ ഏക ജൈവ വൈവിധ്യ പൈതൃക കേന്ദ്രം.


പരന്നൊഴുകുന്ന കവ്വായിക്കായലിലെ ദീപുകളില്‍ ഏറ്റവും ശ്രേഷ്ഠമായ ദ്വീപാണ് ഇടയിലക്കാട് കാവ്. വിസ്തൃതി കൊണ്ടും വൈവിധ്യമാര്‍ന്ന സസ്യങ്ങളെ വംശനാശ ഭീഷണി നേരിടുന്ന സസ്യ ജന്തുക്കളെകൊണ്ടും സമ്പന്നമായ കാവ് പരമ്പരാഗത ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്ന നിരവധി നാട്ടുമരുന്നുകളുടെ കലവറയാണ്. കവ്വായി കായലിന് നടുവിലായി 312 ഏക്കറോളം വിസ്തൃതിയുള്ള ഇടയിലക്കാട് തുരുത്തില്‍ 16 ഏക്കറോളം സ്ഥലത്താണ് ജൈവ വൈവിധ്യം നിറഞ്ഞിരിക്കുന്നത്. വിവിധ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും  ആവാസകേന്ദ്രമായ ഇടയിലക്കാട് കാവില്‍ ധാരാളം കുരങ്ങുകളും നീര്‍പക്ഷികളും കാട്ടുപക്ഷികളുമുണ്ട്. 87 ഇനം പക്ഷികളില്‍ 11 ഇനം നീര്‍പ്പക്ഷികളും 53 കാട്ടുപക്ഷികളും ഉള്‍പ്പെടുന്നു. കിന്നരിപ്പരുന്ത്, ചുട്ടിപ്പരുന്ത്, മീന്‍ കൂമന്‍, കാട്ടുമൂങ്ങ എന്നിവ അപൂര്‍വ ഇനം പക്ഷികളാണ്. വംശനാശ ഭീഷണി നേരിടുന്ന വെള്ളവയറന്‍ കടല്‍പ്പരുന്തിനെ കാവില്‍ കാണാം. അപൂര്‍വമായി കാണുന്ന ഏറെ ഔഷധപ്രാധാന്യമുള്ള ഓരിലത്താമരയുടെ രണ്ട് സ്പീഷീസുകള്‍ കാവില്‍ കണ്ടെത്തിയിരുന്നു. വംശനാശ ഭീഷണി നേരിടുന്ന ഏകനായകം, കുരങ്ങുകളുടെ പ്രധാന ഭക്ഷണ ഇനമായ പനച്ചി എന്നിവ കാവില്‍ കാണാം. അമൂല്യ ആയുര്‍വേദ സസ്യമായ പച്ചിലപ്പെരുമാള്‍, സഹ്യപര്‍വത പ്രദേശത്ത് കണ്ടുവരുന്ന കുടല്‍ച്ചുരുക്കി, വാതസംഹാരിയായ കരങ്ങോത്ത, വറ്റോടലം, വെളുത്ത കനലി, വള്ളിപ്പാല തുടങ്ങിയവും കാവില്‍ സമ്പന്നമാണ്.


പഞ്ചായത്തിലെ ജൈവ വൈവിധ്യ പരിപാലന സമിതിയാണ് ഇടയിലക്കാട് ദ്വീപിനെ ജൈവ വൈവിധ്യ പൈതൃക പദവിയിലേക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചത്. ജൈവ വൈവിധ്യ പൈതൃക പ്രദേശങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗികമായ ചുമതല ജൈവ വൈവിധ്യ പരിപാലന സമിതിക്കാണ്. ജൈവ വൈവിധ്യ പ്രാധാന്യമുള്ള ഒരു പ്രദേശം ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്.


കൂട്ടായ്മയിലൂടെ സംരക്ഷണം..


ഇടയിലക്കാട് കാവ് ജൈവ വൈവിധ്യ പൈതൃക പ്രദേശമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വലിയപറമ്പ ഗ്രാമ പഞ്ചായത്തും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി. ജനസഭ വിളിച്ച് ചേര്‍ത്ത് ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായാലുള്ള പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചു. ജനപ്രതിനിധികളും പ്രദേശത്തെ വായനശാല അംഗങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും കാവിന്റെ ജൈവ വൈവിധ്യം പുറംലോകത്തെത്തിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്.

No comments