ഏഴാം ക്ലാസ് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ പെരുമ്പടവ് ഓക്സ് ഫോർഡ് സ്കൂൾ വെെസ് പ്രിൻസിപ്പലിനെതിരെ കേസെടുത്തു
പെരുമ്പടവ്: ഏഴാം ക്ലാസ് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ വൈസ് പ്രിൻസിപ്പലിനെതിരേ കേസ്. പെരുമ്പടവ് ഓക്സ് ഫോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വൈസ് പ്രിൻസിപ്പൽ സിബി തോമസിനെതിരെയാണ് കേസ്. വൈസ് പ്രിൻസിപ്പലിനെ അപമാനിക്കുന്ന രീതിയിൽ നോട്ടുബുക്കിൽ എഴുതിയെന്നാരോപിച്ചായിരുന്നു മർദനം.
എന്നാൽ താൻ അത്തരത്തിൽ എഴുതിയില്ലെന്നും നേരത്തെ ക്ലാസിലെത്തെിയ ആരോ ചെയ്തതാണെന്നുമാണ് വിദ്യാർഥി പറയുന്നത്. സ്റ്റാഫ് റൂമിലേക്ക് കൊണ്ടു പോയി കോളറിൽ പിടിച്ചു ഉയർത്തി ഭിത്തിയോട് ചേർത്തു നിർത്തി മർദിച്ചെന്നാണ് പരാതി.
തലയ്ക്കും ചുമലിനും പരിക്കേറ്റ വിദ്യാർഥി തളിപറമ്പ് സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. ഉച്ച വരെ ഇരുകൈകളും പൊക്കി സ്റ്റാഫ് റൂമിൽ നിർത്തുകയും ഉച്ചയോടുകൂടി കുട്ടിയെ പോലീസിൽ ഏൽപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നോട്ടു ബുക്കിൽ താനാണ് എഴുതിയതെന്ന് നിർബ ന്ധിച്ച് എഴുതി വാങ്ങിച്ചതായും പരാതിയിൽ പറയുന്നു. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. അച്ഛൻ വിദേശത്താണ്. ഒരു സഹോദരി എറണകുളത്ത് ജോലി ചെയ്തു വരികയാണ്.
മർദനത്തിന് ശേഷം സ്കൂളിൽ നിന്ന് സഹോദരിയോട് എത്രയും പെട്ടെന്ന് സ്കൂളിലെത്തണമെന്നും സ്കൂളിലെത്തിയാൽ മാത്രമേ കുട്ടിയെ സ്കൂളിൽ തുടർന്ന് പഠിക്കാൻ അനുവദിക്കുകയുള്ളൂ എന്നും പറഞ്ഞിരുന്നു. ഇതു പ്രകാരം ഇവർ എറണാകുളത്ത് നിന്നും നാട്ടിലെത്തിയപ്പോൾ രാത്രിയിൽ കുട്ടി വേദനയാൽ പുളയുകയും മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വിവരമറിഞ്ഞ് ആശുപത്രിയിൽ ശിശുസംരക്ഷണ സമിതി പ്രവർത്തകരെത്തയിരുന്നു. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈൻ, പോലീസ് എന്നിവിടങ്ങളിൽ പരാതി നൽകുകയായിരുന്നു.
No comments