നടയടച്ചാൽ പിന്നെ ബൈക്ക് റേസിംഗ്, വേറെ ലെവലാണ് ഈ പൂജാരി...
കോട്ടയം: ഭക്തിയും ബൈക്കും ഒരു കൈ തന്നെ കൈകാര്യം ചെയ്യുന്ന കാഴ്ചയാണ് കോട്ടയം പുതുക്കുളങ്ങര ദേവീ ക്ഷേത്രത്തിലെത്തിയാല്‍ കാണാന്‍ കഴിയുക. ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ വി എന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് സ്റ്റണ്ട് റൈഡിംഗ് ക്ഷേത്രത്തിലെ ശാന്തിയായുള്ള ജോലിക്കൊപ്പം ഹൃദയത്തോട് ചേര്‍ത്ത് നടത്തുന്നത്. അമേരിക്കന്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ബൈക്കിംഗിലേക്ക് എത്തുന്നത്. 2007 മുതല്‍ പാഷന് പിന്നാലെയുള്ള യാത്രയില്‍ തന്നെയാണ് ഉണ്ണികൃഷ്ണനുള്ളത്. ഇന്ത്യന്‍ നാഷണല്‍ റാലിയിലും ബൈക്കിംഗ് സ്കില്ലുകള്‍ ഇതിനോടകം തെളിയിക്കാന്‍ ഉണ്ണികൃഷ്ണന് സാധിച്ചിട്ടുണ്ട്.
പുലര്‍ച്ചെ 5.30 ന് ആരംഭിക്കുന്ന ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍ ബൈക്ക് സ്റ്റണ്ട് തുടങ്ങും. നിലവില്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ചെറിയ ഗ്രൌണ്ടില്‍ തന്നെയാണ് പരിശീലനമെങ്കിലും പ്രൊഫഷണല്‍ രീതിയിലേക്ക് പരിശീലനം മാറ്റണമെന്ന ആഗ്രഹം ഉണ്ണികൃഷ്ണന്‍ പങ്കുവയ്ക്കുന്നുണ്ട്. രാവിലെയുള്ള പൂജകള്‍ കഴിഞ്ഞാല്‍ പൂജാരി വേഷം അഴിച്ച് വച്ച് റൈഡര്‍ വേഷത്തിലാണ് ഉണ്ണികൃഷ്ണനെ കാണാനാവുക. എക്സ്പള്‍സ് 200ലാണ് ഉണ്ണികൃഷ്ണന്‍റെ റേസിംഗ്. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ ഉണ്ണികൃഷ്ണന്‍ ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന കാലത്ത് അല്‍പ കാലത്തേക്ക് പാഷന്‍ മാറ്റി വച്ചിരുന്നു. എന്നാല്‍ ജോലി ജീവിതത്തിന്‍റെ തന്നെ നിറം കെടുത്താന്‍ തുടങ്ങിയതോടെ ഉപേക്ഷിക്കാന്‍ ഉണ്ണികൃഷ്ണന്‍ മടിച്ചില്ല.
രാജി വച്ച് ബൈക്കുമെടുത്ത് രാജ്യത്തിന്‍റെ പല ഭാഗങ്ങളും സഞ്ചരിച്ച് ഉണ്ണികൃഷ്ണന്‍ ജീവിതത്തോടുള്ള നിലപാട് വ്യക്തമാക്കി. എന്നാല്‍ 2019ല്‍ പിതാവിന്‍റെ മരണത്തോടെ ക്ഷേത്ര ജോലികളില്‍ നിന്ന് മാറി നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയിലായി ഉണ്ണികൃഷ്ണന്‍. 2021 ഡിസംബറിലാണ് പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ പൂജാരിയായി ഉണ്ണികൃഷ്ണനെത്തുന്നത്. പൂജാകാര്യങ്ങളില്‍ മുഴുവന്‍ ശ്രദ്ധ നല്‍കുന്നതിനൊപ്പം റേസിഗ് ഭ്രമം കളയാനും ഈ ചെറുപ്പക്കാരന്‍ തയ്യാറാകാതെ വന്നതോടെയാണ് റൈഡര്‍ പൂജാരിയുടെ പിറവി. കോയമ്പത്തൂരില്‍ നടന്ന ദേശീയ റാലിയില്‍ 200 സിസി വിഭാഗത്തില്‍ മത്സരം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഉണ്ണികൃഷ്ണന് സാധിച്ചിരുന്നു.
No comments