Breaking News

ജില്ലയിൽ ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിക്കൽ ; പ്രതിയെ പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ accident


ബേക്കൽ : റോഡിൽ ഒറ്റയ്ക്ക്‌ നടക്കുന്ന സ്‌ത്രീകളെ സ്‌കൂട്ടറിൽ പിന്തുടർന്ന്‌ മാല പൊട്ടിക്കുന്ന മാലക്കള്ളൻ ഒടുവിൽ പിടിയിൽ. കളനാട്‌ കീഴൂർ ചെറിയപ്പള്ളിയിലെ ഷംനാസ്‌ മൻസിലിൽ മുഹമ്മദ്‌ഷംനാസ്‌ (30) ആണ്‌ രണ്ടാഴ്‌ച നീണ്ട പൊലീസിന്റെ ശ്രമകരമായ ദൗത്യത്തിൽ പിടിയിലായത്‌. 13 സ്‌ത്രീകളുടെ മാല പൊട്ടിച്ച കേസിൽ ഇതോടെ തുമ്പായി. 
കഴിഞ്ഞവർഷം ജനുവരി മുതൽ 20 മാല പൊട്ടിക്കൽ കേസാണ്‌ ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌. ഈ കേസിനെല്ലാം ഉടൻ തുമ്പുണ്ടാകുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ഡോ. വൈഭവ്‌ സക്‌സേന വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
 
അന്വേഷിച്ചത്‌ 40 അംഗ സംഘം
കുറ്റകൃത്യം തടയാനുള്ള ജില്ലാ പൊലീസ്‌ മേധാവിയുടെ അവലോകന യോഗത്തിൽ, ജില്ലയിൽ പെരുകുന്ന മാല പൊട്ടിക്കൽ പ്രത്യേക ചർച്ചയായി. എന്തുവന്നാലും കള്ളനെ പിടിക്കണമെന്ന തീരുമാനത്തിൽ കഴിഞ്ഞ അഞ്ചുമുതൽ പ്രത്യേകസംഘം രംഗത്തിറങ്ങി.  250 സിസിടിവി ക്യാമറകൾ അരിച്ചുപെറുക്കി. പ്രത്യേക റൂട്ടിൽ പതിവായി സഞ്ചരിക്കുന്ന ബൈക്കുകൾ നിരീക്ഷിച്ചു. അവയിൽ രജിസ്‌റ്റർ നമ്പർ മാറ്റിയും മുഖം മറച്ചും പോയവരെ വിളിപ്പിച്ചു. ഇടക്കിടക്ക്‌ വാഹനം മാറ്റിസഞ്ചരിക്കുന്നവരുടെ ലിസ്‌റ്റ്‌ ശേഖരിച്ചു. ഹെൽമറ്റിന്റെ പ്രത്യേകതകൾ വരെ നിരീക്ഷിച്ചാണ്‌ പ്രതിയിലേക്ക്‌ എത്തിയത്‌. വെള്ള, സ്വർണ കളറുകളിലുള്ള സ്‌കൂട്ടറാണ്‌ ഇയാൾ മാലപൊട്ടിക്കുമ്പോൾ ഉപയോഗിച്ചത്‌. കൃത്യം നടത്തിയ ശേഷം ഒപ്പം കരുതുന്ന ബാഗിലുള്ള ഷർട്ട്‌ മാറ്റിയിട്ടാണ്‌  വീണ്ടും റോഡിലിറങ്ങുക. 
ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്‌പെക്ടർ യു പി വിപിൻ, എസ്‌ഐമാരായ ശ്രീജേഷ്‌, കെ എം ജോൺ, ട്രാഫിക്ക്‌ എസ്‌ഐ ഫിറോസ്‌ എന്നിവരും പിങ്ക്‌ പട്രോൾ, ബദിയഡുക്ക, ബേക്കൽ, മേൽപറമ്പ, ചന്തേര, വിദ്യാനഗർ, ഹൊസ്‌ദുർഗ്‌, ജില്ലാ പൊലീസ്‌ ആസ്ഥാനം എന്നിവടങ്ങളിലെ സിവിൽ പൊലീസ്‌ ഓഫീസർമാരും ഉണ്ടായിരുന്നു.  അന്വേഷണ സംഘത്തിന്‌ 10,000 രൂപ റിവാർഡ്‌ നൽകുമെന്നും സംഘാംഗങ്ങൾക്ക്‌ മെഡലിന്‌ ശുപാർശ ചെയ്യുമെന്നും ജില്ലാ പൊലീസ്‌ മേധാവി പറഞ്ഞു. 
 
വനിതാ പൊലീസിനെ 
മാലയിട്ടിറക്കി
പ്രതി മാല പൊട്ടിച്ച റൂട്ടുകളിൽ വനിതാപൊലീസിനെ വേഷംമാറ്റി നടത്തിച്ചു. പ്രതി സഞ്ചരിച്ച വഴികളിൽ  ദിവസവും എആർ ക്യാമ്പിലെ പൊലീസ്‌ ഓഫീസർമാരായ ലജിത്‌, ശ്യാം കുമാർ, പ്രശോഭ്‌, വിനീത്‌, അബ്ദുൾ സലാം, ലിനീഷ്‌ എന്നിവരെ പരിശോധനക്ക്‌ നിയോഗിച്ചു.  പ്രതി സഞ്ചരിച്ച തരം വാഹനത്തിന്റെ ആർസി ഉടമകളെ പരിശോധിക്കാൻ ട്രാഫിക്ക്‌ എസ്‌ഐ ഫിറോസ്‌, പ്രസാദ്‌, ഓസ്‌റ്റിൻ തമ്പി (ബദിയഡുക്ക സ്‌റ്റേഷൻ), പ്രമോദ്‌, സനൽ, ബിനീഷ്‌ (ബേക്കൽ), സുഭാഷ്‌ (മേൽപറമ്പ),  സജീഷ്‌ (ബേഡകം) എന്നിവരെയും നിയോഗിച്ചു.  ഇത്തരക്കാർ വിളിച്ച ഫോൺ കോളുകൾ പരിശോധിക്കാൻ ദീപക്‌ വെളുത്തൂട്ടി (ബേക്കൽ), രഞ്ജിത്‌ (ചന്തേര), ജ്യോതിഷ്‌ (ജില്ലാ ആസ്ഥാനം) എന്നിവരെയും നിയോഗിച്ചു. 
 
ലഹരിക്കേസിലും പ്രതി
എംഡിഎംഎ അടക്കമുള്ള ലഹരി വസ്‌തുക്കൾ കടത്തിയതിനും ഉപയോഗിച്ചതിനും പ്രതി മുഹമ്മദ്‌ ഷംനാസിനെതിരെ അഞ്ച്‌ കേസുകളുണ്ട്‌. മേൽപറമ്പ്‌ സ്‌റ്റേഷൻ പരിധിയിൽ ആറുകേസും കാസർകോട്‌ റെയിൽവേസ്‌റ്റേഷനടുത്ത്‌ മാലപൊട്ടിച്ച കേസും പരിയാരം സ്‌റ്റേഷൻ അതിർത്തിയിൽ മാല പൊട്ടിച്ചതും പ്രതി സമ്മതിച്ചിട്ടുണ്ട്‌.പൊട്ടിച്ച മാലകൾ മേൽപറമ്പ്‌, കാസർകോട്‌, എറണാകുളം, സുള്ള്യ എന്നിവിടങ്ങളിൽ വിറ്റ്‌ കാശാക്കുകയാണ്‌ പതിവ്‌. No comments