Breaking News

നീലേശ്വരത്ത് സ്ഥലമുണ്ട്‌, പ്ലാറ്റ്‌ ഫോമുണ്ട്‌ 
 ട്രെയിനുകൾക്ക്‌ സ്‌റ്റോപ്പില്ല


നീലേശ്വരം :  നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ പരിഗണനയ്ക്ക്‌ അർഹതയുള്ള സ്റ്റേഷനായ നീലേശ്വരത്തെ റെയിൽവേ വികസന കാര്യത്തിൽ അവഗണിക്കുന്നത്‌ തുടരുന്നു. ഇക്കാര്യത്തില്‍ സ്ഥലം എംപി പുലര്‍ത്തുന്ന മൗനത്തിനെതിരെ യുവജന സംഘടനകൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌. എട്ട് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും ജനങ്ങള്‍ ആശ്രയിക്കുന്ന സ്റ്റേഷനില്‍ ആവശ്യമായ സൗകര്യങ്ങളൊന്നുമില്ല. ഉത്തരകേരളത്തില്‍ ഏറ്റവും കൂടുതല്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന സ്റ്റേഷനാണിത്‌.

മഴയും വെയിലും 
കൊണ്ട് യാത്രക്കാർ

പ്ലാറ്റ്‌ഫോമിന്റെ ഉയരംകൂട്ടി മേല്‍ക്കൂര നിര്‍മിക്കണമെന്ന ആവശ്യവും അധികൃതർ പരിഗണിച്ചില്ല. മേൽക്കൂരയില്ലാത്ത പ്ലാറ്റ്ഫോമിൽ ഇരിപ്പിടങ്ങൾ തുരുമ്പെടുത്തു. ഒന്നാം പ്ലാറ്റ്ഫോമിൽ സുരേഷ് ഗോപി കൊട്ടിഘോഷിച്ച് ഉദ്ഘാടനംചെയ്ത ശുചിമറികൾ അന്നു മുതൽ പൂട്ടിക്കിടക്കുകയാണ്. സ്റ്റേഷനെ എ ക്ലാസായി ഉയര്‍ത്തണമെന്ന ആവശ്യവും അവഗണിക്കുന്നു.

കാടുപിടിച്ച്‌ ഏക്കർ 
കണക്കിന് ഭൂമി

സ്വന്തമായി 26 ഏക്കര്‍ ഭൂമിയുണ്ടെങ്കിലും തരിശായി കിടക്കുന്നതല്ലാതെ ഒരു പ്രവൃത്തിയും നടക്കുന്നില്ല. ഇവിടെ പുതിയ പദ്ധതികള്‍ വരുമെന്ന് പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ യാഥാർഥ്യമാവുന്നില്ല. രാത്രിയായാല്‍ സ്റ്റേഷന്‍ കൂരിരുട്ടിലാണ്. ആവശ്യമായ തെരുവ് വിളക്കുകളുമില്ല.

രണ്ടാം പ്ലാറ്റ്ഫോം 
എന്ന ദുരിതമേഖല

രണ്ടാം പ്ലാറ്റ്‌ഫോമില്‍ ടിക്കറ്റ് കൗണ്ടര്‍ തുറക്കണമെന്ന ആവശ്യവും യാഥാർഥ്യമായിട്ടില്ല. ഇടുങ്ങിയ റോഡിന് പകരം ബസ്‌സ്റ്റാന്‍ഡില്‍നിന്ന് ബാങ്ക് റോഡ് വഴി പുതിയ റോഡ് നിര്‍മിക്കണമെന്ന ആവശ്യവുമുണ്ട്.




No comments