Breaking News

മഴക്കുറവ്‌ ജലക്ഷാമം രൂക്ഷമാകാൻ സാധ്യത ജില്ലയിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം ; ജില്ലാ വികസന സമിതി യോഗം




കാസർകോട്‌ : മഴയുടെ ശക്തി കുറഞ്ഞതിനാൽ ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം രാജഗോപാലൻ എംഎൽഎയാണ് വിഷയം ഉന്നയിച്ചത്.
ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് സ്വീകരിച്ച നടപടികളും മഴ കുറഞ്ഞതിനാൽ നേരിടുന്ന പ്രശ്നങ്ങളും സംബന്ധിച്ച് വിവിധ വകുപ്പുകളിൽ നിന്ന് ഡാറ്റ ശേഖരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷനായ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു.
ജലസംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് വിവിധ വകുപ്പുകൾക്ക് കലക്ടർ നിർദേശം നൽകി ജില്ലാ ദുരന്ത നിവാരണവിഭാഗം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.

അപേക്ഷ വേഗം തീർപ്പാക്കണം

പാവപ്പെട്ടവർക്ക് ആശ്വാസമേകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി എംഡിആർഎഫ്) അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ പരിശോധനറിപ്പോർട്ട് നൽകാതെ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ മുൻഗണന നൽകണമെന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടു. ഓൺലൈനിൽ ലഭിക്കുന്ന അപേക്ഷ പരിശോധിച്ച് കൃത്യസമയത്ത് മറുപടി നൽകണം. വില്ലേജ് ഓഫീസർമാരുടെ ഒഴിവുകൾ നികത്തണം.
എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ ഒരുമിച്ച് നൽകുന്ന നിർദ്ദേശങ്ങളിൽ ഒരുമിച്ച് ഭരണാനുമതി നൽകുന്നതിനു പകരം ഓരോ പ്രവർത്തികൾക്കും പ്രത്യേകം ഭരണാനുമതി നൽകി നടപടികൾ വേഗത്തിലാക്കണം. ആസ്തിവികസന ഫണ്ട് വിനിയോഗം സെപ്തംബറിൽ പ്രത്യേക ഊന്നൽ നൽകി അവലോകനം ചെയ്യും.
ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
ഹരിത കർമസേന അംഗങ്ങൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാവുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയോ ചെയ്താൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും വിവരം ലഭ്യമാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.


No comments