Breaking News

ചെറുവത്തൂർ വീരമലക്കുന്നിലെ മണ്ണുകടത്ത്‌: സബ്‌ കലക്ടർ അന്വേഷിക്കും


കാസർകോട്‌ : ദേശീയപാത വികസനത്തിനായി വീരമല കുന്നിൽ നിന്നും മണ്ണെടുത്തതിലെ അശാസ്ത്രീയത കാരണം ഉണ്ടായ പ്രശ്നങ്ങളും തുടർനടപടികളും സംബന്ധിച്ച് പരിശോധിച്ച്‌ റിപ്പോർട്ട് നൽകാൻ സബ് കലക്ടർ സൂഫിയാൻ അഹമ്മദിനെ കലക്ടർ ചുമതലപ്പെടുത്തി. ജില്ലാ വികസന സമിതിയോഗമാണ്‌ ഇക്കാര്യം അറിയിച്ചത്‌.
അപകട ഭീഷണിയുള്ള പ്രദേശത്ത് 65,000 മീറ്റർ സാധാരണ മണ്ണ് നീക്കം ചെയ്യുന്നതിനായി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. റോയൽട്ടി ഇനത്തിലും സീനിയറേജ് ഇനത്തിലും തുക ഈടാക്കിയാണ്‌ മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതി നൽകിയത്‌. അളവിൽ കൂടുതൽ മണ്ണ് കടത്തിയതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് സബ് കലക്ടറുടെ നേതൃത്വത്തിൽ അന്വേഷണത്തിന് തീരുമാനിച്ചത്.
കോളിച്ചാൽ -ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാംകവലയിലെ പുനർനിർമ്മിക്കുന്ന പ്രവർത്തി നടപ്പിലാക്കുന്നതിന് ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കണമെന്ന്‌ കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു . ഗതാഗതം തിരിച്ചു വിടുന്നതിന് പകരം റോഡില്ല. പ്രശ്ന പരിഹാരത്തിന് സ്ഥലപരിശോധന നടത്തുമെന്ന് കലക്ടർ അറിയിച്ചു.
കലക്ടററ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കലക്ടർ കെ ഇമ്പശേഖർ അധ്യക്ഷനായി. എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, എ കെ എം അഷറഫ് എന്നിവർ സംസാരിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസർ രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എഡിഎം കെ നവീൻ ബാബു, സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, അസിസ്റ്റന്റ്‌ കലക്ടർ ദിലീപ് കെ കൈനിക്കര, തദ്ദേശ ജോയിന്റ് ഡയറക്ടർ ജെയ്സൺ മാത്യു എന്നിവർ സംസാരിച്ചു.


No comments