Breaking News

കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂർ ചീമേനിക്ക് എ ഗ്രേഡോടെ നാക് ദേശീയ അംഗീകാരം


ചീമേനി : കേരള ഗവണ്‍മെന്റിന്റെ  അധീനതയില്‍ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിന്  എ  ഗ്രേഡോടുകൂടി നാക് ദേശീയ അംഗീകാരം ലഭിച്ചു.  ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അക്കാഡമിക് രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന കോളേജിനുള്ള അംഗീകാരമാണ് ഇതുവഴി ലഭിച്ചത്.  വടക്കേ മലബാറിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിമിതികള്‍ മനസ്സിലാക്കി കേരള ഗവണ്‍മെന്റിന്റെ കോഓപ്പറേറ്റീവ് ഡിപ്പാര്‍ട്‌മെന്റിന്റെ അധീനതയിലുള്ള കേപ്പിന്റെ കീഴില്‍  2000 ല്‍ സ്ഥാപിതമായ കോളേജ് ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സാങ്കേതികവിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 


 2011ല്‍ കോളേജിന് കേന്ദ്ര ഗവണ്‍മെന്റിന്റെ അധീനതയിലുള്ള എംഎച്ച്ആര്‍ഡിയുടെ 10  കോടി രൂപയുടെ ഫണ്ട് ടെക്‌നിക്കല്‍ ക്വാളിറ്റി ഇമ്പ്രൂവ്‌മെന്റ് പ്രോഗ്രാം വഴി ലഭിക്കുകയുണ്ടായി.  നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത ഫണ്ടിന്റെ നല്ല രീതിയിലുള്ള വിനിയോഗം വഴി നടത്താന്‍ സാധിച്ചിട്ടുണ്ട്.  കോളേജിന്  2016-17 അധ്യയന വര്‍ഷത്തില്‍  ഐ. എസ് .ഒ 9001 :2015  സര്‍ട്ടിഫിക്കേഷനും ലഭിക്കുകയുണ്ടായി.   2017-18  ല്‍ ആദ്യ സൈക്കിള്‍   കോളേജിന്  നാക് അക്രഡിറ്റേഷനും  ലഭിച്ചു.  2018-19 ല്‍  കോളേജിലെ  ഇലക്ട്രിക്കല്‍  ആന്‍ഡ് ഇലക്ട്രോണിക്‌സ്  ഡിപ്പാര്‍ട്‌മെന്റിന് എന്‍ബിഎ  അംഗീകാരവും  ലഭിക്കുകയുണ്ടായി.


ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജിന്റെ സെക്കന്‍ഡ്  സൈക്കിള്‍ അപേക്ഷ  പരിഗണിച്ച  നാഷണല്‍ അസ്സെസ്സ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ സംഘം ആര്‍ .ടി. എം  നാഗ് പൂര്‍  യൂണിവേഴ്‌സിറ്റി  വൈസ് ചാന്‍സലര്‍  ഡോ .സുഭാഷ് ചൗധരിയുടെ നേതൃത്വത്തില്‍  , ഡോ. എ .രഘു റാം , ഡോ.രാജേന്ദ്ര സിംഗ്  ചില്ലാര്‍ എന്നിവര്‍ ഓഗസ്റ്റ്   8, 9 തീയതികളില്‍ കോളേജില്‍ വിശദമായ പരിശോധനയും വിലയിരുത്തലും നടത്തി.   കോളേജിലെ എല്ലാ വകുപ്പുകളും  സെന്‍ട്രല്‍ ലൈബ്രറി, കോളേജ് കാന്റീന്‍ , ലേഡീസ് ഹോസ്റ്റല്‍ , വര്‍ക്ക് ഷോപ്പുകള്‍ , ലബോറട്ടറികള്‍  എന്നിങ്ങനെയുള്ള  കോളേജിലെ  സൗകര്യങ്ങള്‍ സംഘം പരിശോധിച്ചു. കോളേജിലെ മുഴുവന്‍ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്‍ ,വിദ്യാര്‍ഥികള്‍ ,രക്ഷിതാക്കള്‍    പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവരുടെ സംഘങ്ങളുമായി  പ്രത്യേകം പ്രത്യേകം  ആശയവിനിമയം  നടത്തി.  കോളേജിലെ തന്നെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായി.    പരിപാടി     അവതരിപ്പിച്ച വിദ്യാര്‍ത്ഥികളെ സംഘം അഭിനന്ദിച്ചു.  .


ഉത്തര മലബാറിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നോക്ക ജില്ലയായ കാസര്‍കോടിന്റെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചീമേനി എഞ്ചിനീയറിംഗ് കോളേജിന് പരിമിതമായ സൗകര്യങ്ങളോടെ പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രത്യേകിച്ച പെണ്‍കുട്ടികളുടെ അക്കാഡമിക് നിലവാരം ഉയര്‍ത്താനും കൂടാതെ ഇപ്പോഴത്തെ കാലഘട്ടത്തില്‍ അവരെ നല്ല ജോലി ലഭിക്കുന്നതിന് പ്രാപ്തരാക്കാന്‍ സാധിക്കുകയും ചെയ്യുന്നുണ്ടെന്ന് നാക് പരിശോധന സംഘം വിലയിരുത്തി.  മികച്ച അക്കാഡമിക് നിലവാരം പുലത്തുന്നതോടൊപ്പം നല്ല അച്ചടക്കം പാലിക്കാനും കോളേജിന് സാധിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംഘം കോളേജാധികാരികളെ പ്രത്യേകം അഭിനന്ദിച്ചു. ഹരിത ക്യാമ്പസ് ,ഗ്രീന്‍ ഓഡിറ്റിംഗ് , പ്ലാസ്ടിക്ഫ്രീ ക്യാമ്പസ്,  പൊതിച്ചോര്‍   വിതരണം  തുടങ്ങിയ ആശയങ്ങള്‍ പ്രത്യേകം അഭിനന്ദനത്തിനര്‍ഹമായി. അക്കാദമിക് രംഗത്തെ ഇത്തരം നേട്ടങ്ങള്‍ക്കൊപ്പം തന്നെ സാമൂഹിക    രംഗത്തെ   കോളേജധികൃതരുടെ ഇടപെടലുകള്‍ സംഘം അംഗങ്ങള്‍ പ്രത്യേകം  സ്ലാഘിച്ചു.  


കോളേജിലെ മുഴുവന്‍ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കഠിന പ്രയത്‌നത്തിന്റെ ഫലമാണ് കോളേജിന്റെ ഈ ചരിത്ര നേട്ടമെന്ന് പ്രിന്‍സിപ്പല്‍  ഡോക്ടര്‍ വിനോദ് പൊട്ടക്കുളത്ത് അറിയിച്ചു.  ഈ നേട്ടത്തോടെ ഉത്തര മലബാറിന്റെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത്  ഐഎസ്ഒ  സെര്‍ട്ടിഫൈഡ് നാക്  അക്രഡിറ്റഡ്  ആന്‍ഡ് എന്‍ .ബി. എ പദവിയുള്ള സ്ഥാപനമായി കോളേജ് മാറി കഴിഞ്ഞു.  അഞ്ചു വര്‍ഷത്തേക്കുള്ള ഈ നാക് ദേശീയ അംഗീകാരം ഉയര്‍ന്ന ഗ്രേഡിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ  ക്വാളിറ്റി അഷ്വറന്‍സ് സെല്‍  പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കോളേജിലെ നിരവധി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം നടന്ന ക്യാമ്പസ് സെലക്ഷനിലൂടെ നല്ല കമ്പനികളില്‍ ജോലി നേടി കഴിഞ്ഞു.  കോളേജിലെ എല്ലാ ഡിപ്പാര്‍ട്മെന്റുകളും അക്കാഡമിക്  നിലവാരം ഉയര്‍ത്താനുള്ള കഠിന പ്രയത്‌നത്തിലാണ്.  പത്രസമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വിനോദ് പൊട്ടക്കുളത്ത് , ഐക്യഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ നവീന എ കെ, ഡോ മഹേഷ് വി വി, പ്രൊഫ. രതീഷ് ടി ,അനില്‍ കെ,. മുരളി ആര്‍ സി ,  പവിത്രന്‍ പി. പി തുടങ്ങിയവര്‍ പങ്കെടുത്തു.

No comments