കാലിച്ചാനടുക്കം ആനപ്പെട്ടി മലയിൽ യുവ കർഷകർ രാഹുൽ കൃഷിയിറക്കിയ ചെണ്ടുമല്ലിയുടെ വിളവെടുപ്പ് നടന്നു
രാജപുരം : രാഹുലിന്റെ പറമ്പിൽ വർണവസന്തം തീർത്ത് ചെണ്ടുമല്ലി വിരിഞ്ഞു. അധികമാരും തെരഞ്ഞെടുക്കാത്ത കൃഷി തെരഞ്ഞെടുത്തത് കാലിച്ചാനടുക്കം ആനപ്പെട്ടി മലയിൽ രാഹുൽ എന്ന യുവകർഷകനാണ്. പുതിയ പരീക്ഷണത്തിൽ നൂറുമേനി വിളവ് നേടിയതിന്റെ സന്തോഷത്തിലാണ് രാഹുൽ. പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്താണ് പച്ചക്കറിയോടൊപ്പം ചെണ്ടുമല്ലി കൃഷിയും ഒരുക്കിയത്. ഓണവിപണിയിലേക്ക് ഇനി ഇവിടുത്തെ പൂക്കളുമുണ്ടാകും.
കോടോം–-ബേളൂർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണവിപണിയിലേക്ക് പൂക്കൾ ലഭ്യമാക്കാനുള്ള നിർദേശത്തിന്റെ ഭാഗമായാണ് രഹൂൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ക്രമപ്രകാരമുള്ള നിലമൊരുക്കലും, ശാസ്ത്രീയമായ പരിചരണവും, ജൈവരീതിയിലുള്ള കീടരോഗ നിയന്ത്രണ മുറകളും ആയപ്പോൾ തോട്ടത്തിൽ ആയിരത്തോളം ചെണ്ടുമല്ലി ചെടികൾ വിരിഞ്ഞു. ചെണ്ടുമല്ലിക്കൊപ്പം പച്ചക്കറികൃഷിയും നടത്തുന്നുണ്ട്.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ എൻ ജ്യോതികുമാരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. കൃഷി ഓഫീസർ കെ ഹരിത, വാർഡംഗം നിഷ അനന്തൻ, പി പത്മനാഭൻ, കെ പ്രമോദിനി എന്നിവർ സംസാരിച്ചു.
No comments