Breaking News

ചട്ടം അട്ടിമറിച്ചു, കാസർകോട് കേന്ദ്ര സർവകലാശാല വിസി നിയമനം റദ്ദാക്കണം; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി


ദില്ലി: കാസർകോട് കേന്ദ്ര സർവകലാശാല വിസി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വി സി പ്രൊഫ. എച്ച് വെങ്കിടേശ്വരലുവിന്റെ നിയമനം ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ ഹർജിയെത്തിയത്. വി സി നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സെര്‍ച്ച് ആന്‍ഡ് സെലക്ഷന്‍ കമ്മിറ്റി നല്‍കിയ പേരുകള്‍ അട്ടിമറിച്ചാണ് ഇപ്പോഴത്തെ വി സിയെ നിയമിച്ചതെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നത്. 

2019 ജൂണ്‍ മൂന്നിനാണ് കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ബിലാസ്പൂര്‍ ഗുരു ഗാസിദാസ് കേന്ദ്ര സര്‍വകലാശാല ചാന്‍സലറായ ഡോ. അശോക് ഖജാനന്‍ മോഡക് തലവനായി 5 പേരടങ്ങുന്ന സെര്‍ച്ച് കം സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ചത്. വിസി സ്ഥാനത്തേക്കായി 223 പേരുടെ അപേക്ഷകളാണ് ലഭിച്ചത്. ഇവയിൽ നിന്നും 16 പേരുടെ പാനല്‍ തയ്യാറാക്കി. ബറോഡ സര്‍വകലാശാലയിലെ മലയാളിയായ ഡോ. ടി എസ് ഗിരീഷ്കുമാറിന്റെ പേര് ഉൾപ്പെടെയുള്ള പട്ടികയാണ് നൽകിയത്. ഇതിൽ നിന്നും അഞ്ച് പേരുടെ അന്തിമ പട്ടിക കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് നൽകി ഈ പട്ടിക നിയമപ്രകാരം സർവകലാശാലയുടെ വിസിറ്റാറായ ഇന്ത്യൻ പ്രസിഡന്റിന് നൽകുകയാണ് ചെയ്യുന്നത്. എന്നാൽ ഈ പട്ടികക്കൊപ്പം അഞ്ച് പേരും കേന്ദ്ര സര്‍വകലാശാലയില്‍ നിയമിക്കപ്പെടാന്‍ യോഗ്യരല്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടർന്ന് ഈ പട്ടിക വിസിറ്റർ തള്ളി. തുടർന്ന് വീണ്ടും അടുത്ത പട്ടിക സമർപ്പിക്കാൻ സെർച്ച കമ്മറ്റിക്ക്  നിർദ്ദേശം നൽകി. 


ഇതോടെ പിന്നീട് പരിഗണിക്കേണ്ട ബാക്കിയുള്ള  11പേരുകൾക്ക് പകരം പ്രാഥമിക പരിശോധനയില്‍ തള്ളിയ 207 പേരില്‍ നിന്ന് 10 പേരുടെ പുതിയ പാനല്‍ തയ്യാറാക്കി. ഇതിൽ ആദ്യം അപേക്ഷ തള്ളിയ ഇപ്പോഴത്തെ വി സി എച്ച് വെങ്കിടേശ്വരലുവിന്റെ പേരും ഉൾപ്പെടുത്തി. പിന്നീട് വി സി എച്ച് വെങ്കിടേശ്വരലുവിനെ വിസി നിയമിക്കുകയും ചെയ്തു. ഈ നടപടി യുജിസി ചട്ടവിരുദ്ധമെന്ന് ഹർജിക്കാരൻ പറയുന്നത്. സെർച്ച് കമ്മറ്റി നൽകിയ പേരുകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയം വിസിറ്റാറായ ഇന്ത്യൻ പ്രസിഡന്റിന് പട്ടികയിലെ അപേക്ഷകരെ കുറിച്ച് റിപ്പോർട്ട് നൽകിയത് നിയമവിരുദ്ധമാണെന്നും പട്ടികയിൽ നിന്ന് വിവേചനാധികാരപ്രകാരം പ്രഡിഡൻ്റ്  നിയമനത്തിന് ഉത്തരവിടുകയാണ് പതിവെന്നും പൊതുതാൽപര്യം സമർപ്പിച്ച ഉത്തരാഖണ്ഡുകാരൻ ഡോ. നവീൻ പ്രകാശ് നൗട്യാൽ വാദിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകൻ അബ്ദുള്ള നസീഹാണ് ഹർജി ഫയൽ ചെയ്തത്. നേരത്തെ സമാനഹർജികൾ കേരള ഹൈക്കോടതി തള്ളിയിരുന്നു

No comments